ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സെന്ററുകള്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകിച്ച് ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായവ ബാധിച്ചവര്‍ക്കായി തെറാപ്പി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മേഖലയില്‍ വിവിധ തെറാപ്പി സെന്ററുകളെ സംബന്ധിച്ചും അവരുടെ സേവനങ്ങളെ സംബന്ധിച്ചും വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തെറാപ്പി സെന്ററുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം, പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തല സൗകര്യം, സ്റ്റാഫ് ഘടന എന്നിവ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ (എന്‍.ഐ.പി.എം.ആര്‍.) 6 കോടി രൂപ മുടക്കിയുള്ള വിവിധ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാനസൗകര്യ വികസനം, തെറാപ്പിസ്റ്റുകളുടെ യോഗ്യത, പരിശീലന ആവശ്യകതകള്‍ മുതലായവയും നിര്‍ദേശിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.
തെറാപ്പി സെന്ററുകളിലെ മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുകയും ആര്‍.പി.ഡബ്ലിയു. ആക്ടിന്റെ വെളിച്ചത്തില്‍ തെറാപ്പി സെന്ററുകളെല്ലാം രജിസ്റ്റര്‍ ചെയ്യുകയും ഗ്രേഡ് നിശ്ചയിക്കുകയും ചെയ്യും. അവശ്യ സൗകര്യമുള്ള സര്‍ക്കാരിന്റെ അംഗീകൃത തെറാപ്പി സെന്ററുകളെ മോഡല്‍ തെറാപ്പി സെന്റര്‍ എന്ന പേരില്‍ എം പാനല്‍ഡ് തെറാപ്പി സെന്ററുകളാക്കി മാറ്റും. എം പാനല്‍ഡ് സെന്ററുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മിതമായ നിരക്കില്‍ തെറാപ്പി നല്‍കുന്നതിനും ഇതിനാവശ്യമായിട്ടുള്ള ധനസഹായം സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ 6 മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കാനായുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നു. ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യൂപ്പേഷന്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ., സി.എന്‍. ജയദേവന്‍ എം.പി., സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., എന്‍.ഐ.പി.എം.ആര്‍. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച സെന്‍സറി ഗാര്‍ഡന്‍, റീജിയണല്‍ ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഹൈഡ്രോതെറാപ്പി യൂണിറ്റിന്റെ ശിലാസ്ഥാപനവും, പുതുതായി ആരംഭിക്കുന്ന ഒക്യുപേഷണല്‍ തെറാപ്പി വിഭാഗത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha
























