പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ;നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കളക്ടറുടെ മുന്നറിയിപ്പ്
പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വീണ്ടും വെള്ളക്കെട്ടിന് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് നേരത്തെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയാണ് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.
ഇതേ തുടര്‍ന്ന് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. മഴ ശമിക്കുകയും വെള്ളത്തിന്റെ വരവ് കുറയുകയും ചെയ്തതോടെ ഡാമിന്റെ ഷട്ടര്‍ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നു. എന്നാല്‍, മഴ വീണ്ടും ശക്തിപ്പെട്ടതോടെ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു. 1.8 മീറ്ററാണ് നിലവില്‍ ഷട്ടര്‍ ഉയര്‍ത്തി വെച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.നഗരത്തില്‍ വെള്ളം എത്താന്‍ സാധ്യത ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരും ദുരന്ത നിവാരണ അഥോറിറ്റിയും താമസ സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെ ചെയ്യണമെന്ന് തീരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
https://www.facebook.com/Malayalivartha