എം.എ.യൂസഫലിയുടെ ഇടപെടൽ കൊണ്ട് പ്രളയം തകർത്ത കേരളത്തിലേക്ക് ഒഴുകിയെത്തിയത് കോടികളുടെ സഹായം; കേന്ദ്ര സര്‍ക്കാര്‍ ഇടക്കാലാശ്വാസമായി കേരളത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചപ്പോൾ 700 കോടി രൂപയുടെ സഹായവുമായി കേന്ദ്രത്തേയും ഞെട്ടിച്ച് യുഎഇ; കേരളത്തിനായി കൈകോർത്ത് അറബ് ലോകം: നന്ദിയോടെ മുഖ്യമന്ത്രിയും കേരളവും

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ 700 കോടി നല്‍കും. ഇപ്പോള്‍ തന്നെ അറബ് രാജ്യങ്ങള്‍ ഔദ്യോഗികമായിത്തന്നെ ഒരുപാട് സഹായങ്ങള്‍ കേരളത്തിന് വേണ്ടി ചെയ്തുകഴിഞ്ഞു. ഇതിനിടയിലായിരുന്നു യുഎഇയുടെ വക ഞെട്ടിപ്പിക്കുന്ന സഹായ വാഗ്ദാനം ലഭിച്ചത്. കേരളത്തിന് എഴുനൂറ് കോടി രൂപ നല്‍കും എന്നാണ് യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യം പ്രധാനമന്ത്രിയെ ഔദ്യോഗികമായി അവര്‍ അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ യൂസഫലി അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 700 കോടിയുടെ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തെ അകമഴിഞ്ഞ് സഹായിക്കുന്ന യു.എ.ഇ ഭരണകൂടത്തോട് അങ്ങേയറ്റം കടപ്പാടും നന്ദിയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ മലയാളികളുടെ രണ്ടാം വീടാണ്. അവിടെയുള്ള മലയാളികളും ആ നിലയിൽ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാർ മാത്രമല്ല അവർ. ഗൾഫിലുള്ള ജനസംഖ്യയും വീടുകളുമെടുത്താൽ പല വീടുകളുമായി പോലും ഒരു മലയാളി ബന്ധമുണ്ടാകും. മലയാളി ടച്ച് എല്ലാ കാര്യത്തിലുമുണ്ട്. ഈ ദുരിതത്തിൽ നമ്മളെ പോലെ തന്നെ വികാരം ഉൾക്കൊള്ളുന്നവരാണ് ഗൾഫിലുള്ള ആളുകൾ. യു.എ.ഇ സർക്കാർ വിഷമത്തിലും സങ്കടത്തിലും സഹായിക്കാൻ തയ്യാറായിട്ടുണ്ട്.
ഇത് നമ്മുടെ വിഷമം മനസിലാക്കിയുള്ള സഹായമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഒഫ് യു.എ.ഇ ആംഡ് ഫോഴ്സസുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ സംസാരിച്ചിരുന്നു. അതനുസരിച്ചാണ് 700 കോടി നൽകുന്നത്. ഇത്തരമൊരു ഫണ്ട് നൽകാൻ തയ്യാറായ യു.എ.ഇയുടെ പ്രസിഡന്റ് ഷെയ്ക്ക് ഖലിഫ ബിൻ സയ്ദ് അൽ നഹ്യാ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംഎന്നിവരോടുമുള്ള കൃതജ്ഞത മലയാളികൾക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും രേഖപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha

























