ഐസിസ് (ഇസ്‌ളാമിക് സ്‌റ്റേറ്റ് ) റിക്രൂട്ട് കേരളത്തിലും, ഇന്ത്യയില്‍ നിന്നും 20യുവാക്കള്‍, രാജ്യമെങ്ങും അതീവ ജാഗ്രത

ഇസ്‌ളാമിക് സ്‌റ്റേറ്റ് (ഐസിസ് ) ഭീകരര്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തതിനെ പറ്റി അന്വേഷണം തുടങ്ങി. ഐസിസിനെതിരെ ഐ. ബിയും എന്‍. ഐ. എയുമാണ് അന്വേഷണം തുടങ്ങിയത്.
പാലക്കാട്ട് നിന്നുള്ള യുവാവിനെ ഐസിസ് റിക്രൂട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ സയീദ് അസിഫ് ഇബ്രാഹിമുമായി ചര്‍ച്ച നടത്തി.
ഇന്ത്യയില്‍ സായുധസേന രൂപീകരിക്കാനുള്ള അല്‍ക്വഇദ ഭീകരന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തിന്റെ തമിഴ്, ഹിന്ദി, ഉറുദു പരിഭാഷകള്‍ കേരളത്തിലടക്കം പ്രചരിക്കുന്നുണ്ട്. ഐസിസില്‍ ചേരാന്‍ ആഹ്വാനംചെയ്യുന്ന ഫേസ്ബുക്ക് പേജുകളും കേരളത്തില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അതിനിടെയാണ് ഐസിസ് ഇന്ത്യയില്‍ ഒരുവര്‍ഷം നീളുന്ന റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചെന്ന സന്ദേശങ്ങള്‍ ഐ.ബിയും റായും പിടിച്ചെടുത്തത്.
ഹൈദരാബാദില്‍ 15 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളേയും തമിഴ്‌നാട്ടില്‍ മൂന്ന് യുവാക്കളേയും മഹാരാഷ്ട്രയില്‍ നാല് വിദ്യാര്‍ത്ഥികളേയും കാണാതായെന്നും അവര്‍ രാജ്യംവിട്ടെന്നും അതത് സംസ്ഥാന പൊലീസ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
മംഗലാപുരത്തുകാരനായ അബ്ദുള്‍ഖാദിര്‍ അമറിനാണ് റിക്രൂട്ട്‌മെന്റിന്റെ ചുമതലയെന്ന് എന്‍.ഐ.എയും കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധങ്ങളിലാണ് ഇയാള്‍ പരിശീലനംനേടിയതെന്ന് എന്‍.ഐ.എയുടെ കുറ്റപത്രത്തിലുണ്ട്. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൊലീസും ഇന്റലിജന്‍സും അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇരുപതോളം യുവാക്കളെ ഐസിസ് റിക്രൂട്ട് ചെയ്‌തെന്നാണ് വിവരം. യുവാക്കളെ കാണാതാകുന്ന കേസുകള്‍ ഇന്റലിജന്‍സ് പരിശോധിച്ച് സംശയമുള്ളവ കേന്ദ്രഏജന്‍സികളെ അറിയിക്കണം. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണം. ജില്ലാകളക്ടര്‍മാര്‍ക്കും സമാന നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























