മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കും; പുറമേ തകര്‍ന്ന സ്‌കൂളുകള്‍, കോളേജുകള്‍, റോഡുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ട നിര്‍മാണ സാമഗ്രികളും ഫൌണ്ടേഷന്‍ വിതരണം ചെയ്യും

റിലയന്‍സ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു. ഇതോടൊപ്പം പ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവര്‍ക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീര്‍ഘ കാല പദ്ധതിയും റിലയന്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കും.
റിലയന്‍സ് റീടെയ്ല്‍ വഴി ഏകദേശം 50 കോടി രൂപയുടെ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളാണ് സമാഹരിച്ചത്. 'ഒരു ഉത്തരവാദിത്തപ്പെട്ട കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍ എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും ജോലിയുമാണിത്. കേരളത്തില്‍ പ്രളയത്തിലകപ്പെട്ടവരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് ഞങ്ങള്‍' റിലയന്‍സ് ഫൌണ്ടേഷന്‍ പ്രസിഡന്റ് നിത എം അംബാനി പറഞ്ഞു.
ഇതിനു പുറമെ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്ന സ്‌കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കണക്കുകള്‍ ശേഖരിച്ചു വരികയാണ് ഫൗണ്ടേഷന്‍. തിരഞ്ഞെടുക്കപ്പെട്ട തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യും. തകര്‍ന്ന സ്‌കൂളുകള്‍, കോളേജുകള്‍, റോഡുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ട നിര്‍മാണ സാമഗ്രികള്‍ ഫൌണ്ടേഷന്‍ വിതരണം ചെയ്യും . നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മേസ്തിരിമാര്‍, തടിപ്പണിക്കാര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കോണ്‍ട്രാക്ടര്‍മാര്‍ വഴി വിട്ടു കൊടുക്കും. വീടുകളില്‍ വെള്ളം കയറിയ നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്‍കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉള്‍പ്പെടെ ഏഴ് ദിവസത്തെ സൗജന്യ വോയ്‌സ് പാക്കും നല്‍കുന്നുണ്ട്.
പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ജില്ലകളില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കും. ഡോക്ടര്‍മാരുടയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മരുന്നിനങ്ങള്‍ വിതരണം ചെയ്യും . കന്നുകാലികള്‍ക്കു വേണ്ടിയുള്ള ഭക്ഷണവും ചികിത്സയും ഉറപ്പാക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























