ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്... പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും, മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. പകല്‍ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമ പൂജ നടക്കുക.
പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 12, 13 തീയതികളില്‍ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കുകയും ചെയ്യും.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി.
വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണര്‍ ഹൗസ് മുറ്റം, ഇന്‍സിനറേറ്റര്‍, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടല്‍ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്, ദര്‍ശന്‍ കോംപ്ലക്‌സ് പരിസരം, ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗര്‍, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാനായി സൗകര്യമുള്ളത്.
അതേസമയം സന്നിധാനത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ഇവിടെ ദേവസ്വം ബോര്‍ഡ് ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ വ്യൂപോയിന്റുകളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംവിധാനങ്ങളും ഉറപ്പാക്കും. പമ്പയില്‍ ഹില്‍ടോപ്പില്‍ മാത്രമാണ് മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമുള്ളത്.ശബരിമലയ്ക്കുപുറത്ത് അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമേർപ്പെടുത്തി.
എരുമേലി ചന്ദനക്കുടം ശനിയാഴ്ചയും പേട്ടതുള്ളല്‍ ഞായറാഴ്ചയും നടക്കും. ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച പകല്‍ മൂന്നിന് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തും ചേര്‍ന്നുള്ള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. വൈകുന്നേരം ആറിന് പള്ളി വളപ്പില്‍ ചേരുന്ന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യും. ചന്ദനക്കുട ഘോഷയാത്ര മന്ത്രി വി അബ്ദുറഹിമാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
എരുമേലി പട്ടണം ചുറ്റി വരുന്ന ഘോഷയാത്ര ഞായര്‍ പുലര്‍ച്ച 2.30ഓടെ പള്ളി വളപ്പില്‍ സമാപിക്കും. ഞായര്‍ പകല്‍ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും
https://www.facebook.com/Malayalivartha

























