കേരളത്തിന് സൗജന്യ നിരക്കില്‍ അരി നല്‍കുന്നതിനുള്ള ആവശ്യം നിഷേധിച്ചതിന് പിന്നാലെ മണ്ണെണ്ണക്ക് സബ്‌സിഡി നല്‍കണമെന്ന ആവശ്യവും തള്ളി കേന്ദ്ര സര്‍ക്കാര്‍

പ്രളയം വരുത്തിയ കെടുതികളെ അതിജീവിക്കുന്ന കേരളത്തിന് മണ്ണെണ്ണക്ക് സബ്‌സിഡി ലഭിക്കില്ലെന്ന് വ്യക്തമാക്കി. കേന്ദ്രം മണ്ണെണ്ണക്ക് സബ്‌സിഡി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ സബ്‌സിഡിയില്ലാതെ 12000 ലിറ്റര്‍ മണ്ണെണ്ണ നല്‍കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
ഇതോടെ സബ്‌സിഡി അനുവദിച്ചിരുന്നുവെങ്കില്‍ ലിറ്ററിന് 13 രൂപക്ക് ലഭിക്കേണ്ടിയിരുന്ന മണ്ണെണ്ണക്ക് കേരളം എഴുപത് രൂപ നല്‍കേണ്ടി വരും. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തും അയച്ചിട്ടുണ്ട്.
കേരളത്തിന് സൗജന്യ നിരക്കില്‍ അരി നല്‍കുന്നതിനുള്ള ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ ഇതുപോലെ നിഷേധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ അരിക്ക് പണം നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിന് നല്‍കുന്ന 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തിന് സൗജന്യ അരി നല്‍കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും കേന്ദ്ര ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിട്ടില്ല .
https://www.facebook.com/Malayalivartha


























