എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍

ഐഷ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നതില്‍ അതീവ ദു:ഖമുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ പോകാന്‍ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല. പോയതില്‍ പിന്നീട് വിഷമിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
യുഡിഎഫ് സഹകരണ ചര്‍ച്ചകള്‍ക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗസ് സംഘടിപ്പിച്ച രാപ്പകല്‍ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയില്‍ വെച്ച് ഐഷ പോറ്റിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം. ഐഷ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാമായിരുന്നെന്നും എം എ ബേബി ഇന്ന് പ്രതികരിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 'അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല' എന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.
അതിനിടെ, കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമര്‍ശത്തിന് മറുപടിയുമായി മുന്‍ എംഎല്‍എ ഐഷ പോറ്റി രംഗത്തെത്തിയിരുന്നു. വര്‍ഗ വഞ്ചക എന്ന് വിളിക്കുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിന്റേയും, ശോഭന ജോര്‍ജിന്റെയും കാര്യമോര്‍ക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ വിമര്‍ശനം. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാര്‍ട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha


























