റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്

റോഡരികില്‍ ഉപയോഗമില്ലാതെ കിടന്ന പറമ്പ് നികത്താന്‍ കൊണ്ടുവന്ന മണ്ണിന് മുകളില്‍ വളര്‍ന്നത് കഞ്ചാവ് ചെടികള്‍. കോഴിക്കോട് വടകരയിലെ സഹകരണ ആശുപത്രിക്ക് സമീപം റോഡരികിലാണ് സംഭവം. ഉപയോഗമില്ലാതെ കിടന്ന പറമ്പ് വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ണ് എത്തിച്ചത്. ഇവയില്‍ നിന്നാണ് കഞ്ചാവ് മുളച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് പറമ്പിലെ ചെടികള്‍ കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
ഉടനടി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അധികം വൈകാതെ സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇവ പിന്നീട് വേരോടെ പിഴുതെടുത്ത് വടകര സ്‌റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാന്‍ സമീപത്തെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒഴിഞ്ഞുകിടക്കുന്ന പറമ്പ് നികത്തുന്നതിനായി കുറച്ച് ദിവസം മുന്‍പ് ഇവിടെ മണ്ണിട്ട് നികത്തിയിരുന്നു. ഈ മണ്ണില്‍ വേറെയും ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കഞ്ചാവ് ചെടിയും മുളച്ചത്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയായതാകുമെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























