മഹാപ്രളയക്കെടുതി വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ഉപഗ്രഹചിത്രങ്ങളുടെ സഹായം തേടി സര്‍ക്കാര്‍; വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടം ജിപിഎസ് ലൊക്കേഷനും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷൻ

നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ഉപഗ്രഹചിത്രങ്ങളെടുക്കാന്‍ മൊബൈല്‍ ആപ്പ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ഉപഗ്രഹചിത്രങ്ങളുടെ സഹായം സര്‍ക്കാര്‍ തേടി. നഷ്ടത്തിന്റെ തോതുപൂര്‍ണമായി അറിയാന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാപ്പിങ് നടത്തും. ഇതിനായി ഐടി മിഷനു ചുമതല നല്‍കിക്കഴിഞ്ഞു. പ്രളയം തുടങ്ങിയ ആഗസ്ത് 14 മുതല്‍ 21 വരെയുള്ള തീയതികളിലെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശേഖരിച്ചുകഴിഞ്ഞു.
കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍, സ്‌പെയ്‌സ് അനലിറ്റിക്‌സ് സ്ഥാപനമായ സാറ്റ് ഷുവര്‍ എന്നിവയുടെ സഹായത്തോടെയാണു മാപ്പ് തയാറാക്കുന്നത്. വെള്ളം പടര്‍ന്ന സ്ഥലങ്ങള്‍, ഓരോ ഇടത്തെയും ജലനിരപ്പ് എന്നിവയുള്‍പ്പെടെ ഉപഗ്രഹ ചിത്രങ്ങളില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടാകും.
നഷ്ടപരിഹാരം നല്‍കുന്നതും മറ്റും ഈ മാപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വീട്ടിലും സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരുമെത്തി അവരുടെ മൊബൈല്‍ ആപ്പില്‍ നഷ്ടങ്ങള്‍ രേഖപ്പെടുത്തും. ആപ്പിലൂടെ ജിപിഎസ് ലൊക്കേഷനും വീടിന്റെ ചിത്രങ്ങളും അപ് ലോഡ് ചെയ്യും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ മാപ്പുമായി ഒത്തുനോക്കി നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കും.
പ്രളയകാലത്തു വാട്‌സാപ്പിലൂടെ ലഭിച്ച സഹായാഭ്യര്‍ഥനകള്‍ അതിനൊപ്പമുള്ള ജിപിഎസ് ലൊക്കേഷന്‍ സഹിതം മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ഏറ്റവുമധികം കുടുങ്ങിക്കിടന്ന പ്രദേശങ്ങള്‍ (ഹീറ്റ് മാപ്പ്) ഇതിലൂടെ കണ്ടെത്തും. മൊബൈല്‍ ആപ്പിലൂടെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റു വകുപ്പുകളുടെ കണക്കെടുപ്പുകളുമായി സംയോജിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടം ജിപിഎസ് ലൊക്കേഷനും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചു രേഖപ്പെടുത്താന്‍ ഉടന്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാകും.
https://www.facebook.com/Malayalivartha

























