ഇടുക്കിയിലെയും വയനാട്ടിലെയും അത്ഭുത പ്രതിഭാസത്തില്‍ പകച്ച് നാട്ടുകാര്‍: കണക്കാക്കാനാകാത്ത നാശനഷ്ടം: ജില്ലകളെ അപ്പാടെ തച്ചുടച്ച ദുരന്തത്തിന്റെ ഭീതി ഇപ്പോഴും വിട്ടൊഴിയുന്നില്ല; ഇനിയെവിടെപ്പോകുമെന്ന ചോദ്യം ബാക്കി

നോക്കി നില്‍ക്കെ ഭൂമി രണ്ടായി വിണ്ട് പിളര്‍ന്നുമാറും വീടുകള്‍ അതിലേക്ക് പതിക്കും ഇടുക്കിയിലെയും വയനാട്ടിലെയും അത്ഭുത പ്രതിഭാസത്തില്‍ പകച്ച് നാട്ടുകാര്‍. ഒരായുസിന്റെ മുഴുവന്‍ കഷ്ട്പ്പാടായ വീടും ഭൂമിയും നിമിഷങ്ങള്‍ക്കൊണ്ടാണ് പിളരുന്നത് അതിനൊപ്പം പിളരുന്നത് വീട്ടുകാരന്റെ മനസ്സുകൂടിയാണ്. ജില്ലയില്‍ ഏക്കറുകണക്കിന് ഭൂമിയാണ് വിണ്ടുകീറിയിരിക്കുന്നത്. ജില്ലയില്‍ അടിമാലിയില്‍ മൂന്നുനില വീട് വലിയ താഴ്ച്ചയിലേക്ക് വീണുപോയിരുന്നു. വാഴത്തോപ്പില്‍ പത്തേക്കറോളം സ്ഥലമാണ് നിരങ്ങി നീങ്ങിയത്. മിക്കയിടങ്ങളിലും മണ്‍പാളികള്‍ വിണ്ടുകീറി നില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഇടുക്കിയിലേത് പല പ്രതിഭാസം എന്നു പറയുമ്പോഴും ഇത് ഭൂചനമെന്നാണ് നാട്ടുകാരുടെ വാദം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് അടിവരയിടുന്ന തെളിവുകളാണ് പുറത്തു വരുന്നത്.
എന്താണ് സോയില്‍ പൈപ്പിങ്
മണ്ണിനുണ്ടാകുന്ന കാന്‍സര്‍ അതാണ് സോയില്‍ പൈപ്പിങ്ങ്. ചില ഭാഗങ്ങളില്‍ മണ്ണ് ദ്രവിച്ച ശേഷം ആ പ്രദേശം അപ്പാടെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴുകയാണ്. ഇതൊരു ടണല്‍ അല്ലെങ്കില്‍ പെപ്പ് പോലെയാണ് കാണപ്പെടുന്നത്. മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന കഠിന ചൂഷണത്തിന്റെ ഫലമാണിത്. മാരകമായ രാസകീടനാശിനികള്‍ മണ്ണിലേക്ക് അടിച്ചതുമൂലം മണ്ണിന്റെ ഘടന തന്നെ അവതാളത്തിലായി. ഇടുക്കിയിലും വയനാട്ടിലും ഏലമലക്കാടുകളിലെ കീടനാശിനി ഇതിന് പ്രധാന കാരണമെന്നും പഠനങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ വ്യാപകമായ ക്വാറി പ്രവര്‍ത്തനവും ഈ ജില്ലകളില്‍ തോന്നിയപാലെ നടത്തിയിരുന്നു.
ഭൂമിക്കടിയില്‍ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയില്‍ പൈപ്പിങ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയില്‍ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അതിവൃഷ്ടിയും ഭൂഗര്‍ഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയില്‍ പൈപ്പിങ്ങിന്റെ ഒരു പ്രധാന കാരണം.
പൈപ്പിങ് തൃശ്ശൂര്‍ ജില്ലയിലും
ഇടുക്കിയിലും വയനാട്ടിലും ഈ പ്രതിഭാസം വ്യാപകമെങ്കിലും ഇത്തവണ അത് തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പുത്തന്‍കാട്ടിലെ പൈപ്പിങ്ങിന്റെ മുഖഭാഗം രണ്ടടിയോളം വ്യാസമുള്ളതാണ്. എന്നാല്‍ ഭൂമിക്കടിയില്‍ ഇതിന്റെ വ്യാപ്തി കണ്ടെത്തണമെങ്കില്‍ റെസിസ്റ്റിവിറ്റി ഇമേജിങ് നടത്തണം. ഭൂമിക്കടിയില്‍ സ്‌കാനിങ് പോലെ നടത്തുന്ന പ്രക്രിയയാണ് ഇത്. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മുന്‍പ് ഇത്തരം പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നില്ല. സോയില്‍ പൈപ്പിങ്ങിലൂടെ പുറന്തള്ളപ്പെട്ട വ സ്തുക്കള്‍ കണ്ടെത്തുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്നും ഗവേഷകര്‍ പറഞ്ഞു.
എച്ചിപ്പാറയിലേത് വലിയ ഉരുള്‍പൊട്ടല്‍
പാലപ്പിള്ളി ചിമ്മിനി ഡാം റോഡില്‍ എച്ചിപ്പാറയ്ക്കു സമീപം സംഭവിച്ചതു താരതമ്യേന വലിയ ഉരുള്‍പൊട്ടല്‍ തന്നെയെന്നു വിദഗ്ധ സംഘം. ചീനിക്കു സമീപം ചെറിയവര മലയില്‍ രണ്ടു കിലോമീറ്ററോളം നീളത്തിലും 60 മീറ്റര്‍വരെ വീതിയിലുമാണ് ഉരുള്‍പൊട്ടിയത്. 2016ല്‍ കാട്ടുതീ ഉണ്ടായി വന്‍മരങ്ങള്‍ കത്തിനശിച്ച ഭാഗത്താണ് ഉരുള്‍പൊട്ടിയത്. മരങ്ങള്‍ കത്തിയതിനെതുടര്‍ന്ന് ഇവയുടെ ആഴത്തിലുള്ള വേരുകള്‍ ദ്രവിച്ച ഭാഗത്തുകൂടി ഭൗമാന്തര്‍ഭാഗത്തേക്കു മഴയില്‍ വെള്ളം ഇറങ്ങിയതാകാം ഉരുള്‍ പൊട്ടാന്‍ കാരണമെന്നാണു വിദഗ്ധ സംഘത്തിന്റെ അനുമാനം.
ഉരുള്‍പൊട്ടലും വിള്ളലും: സെസ് റിപ്പോര്‍ട്ടിനു ശേഷം പുനരധിവാസം
മഴക്കെടുതി മൂലം ഒല്ലൂര്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍, വിള്ളല്‍, മല വിണ്ടുകീറല്‍ എന്നിവ സംഭവിച്ച സ്ഥലങ്ങളില്‍ ഭൗമപഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പുനരധിവാസമെന്നു കലക്ടര്‍ ടി.വി.അനുപമ. കെ.രാജന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
പുത്തന്‍കാട്, ചിറ്റംകുന്ന്, ഉരുള്‍കുന്ന്, ആനന്ദപുരം, നെല്ലാനി, വട്ടപ്പാറ, പാണഞ്ചേരി, ആയോട്, പട്‌ലം കുഴി, പീച്ചി എന്നിവിടങ്ങളില്‍നിന്നു ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയവരെയാണ് സെസ് റിപ്പോര്‍ട്ടിനു ശേഷം മാത്രം പുനരധിവസിപ്പിച്ചാല്‍ മതിയെന്നു തീരുമാനിച്ചത്. മേഖലയില്‍ ഉരുള്‍പൊട്ടല്‍, മലവിണ്ടുകീറല്‍ എന്നിവയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നു ജിയോളജി വ കുപ്പ് യോഗത്തെ അറിയിച്ചു.
ഭൂമി പിളരല്‍ വയനാട്ടില്‍ വ്യാപകം
വയനാട്ടില്‍ കിലോമീറ്ററുകളോളം നീളത്തില്‍ ഭൂമി പിളര്‍ന്നു നീങ്ങുന്നു. മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലാണു നൂറു കണക്കിനു കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി ഏറ്റവുമധികം ഭൂമി നെടുനീളത്തില്‍ പിളര്‍ന്നിരിക്കുന്നത്. തിരുനെല്ലിയില്‍ മാത്രം 170 ഏക്കര്‍ സ്ഥലത്തു പുതിയ പ്രതിഭാസം രൂപപെട്ടതായി ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പിയു ദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കണ്ടെത്തി
തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂലയില്‍ വന്‍ ഗര്‍ത്തമുണ്ടാക്കി ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഭൂമി നെടുകെ പിളര്‍ന്നു പോയി. ഇവിടെ മാത്രം 17 വീടുകള്‍ വിണ്ടുകീറി. വാസയോഗ്യമല്ലാതായി. കനത്ത മഴയില്‍ ഈ മാസം എട്ടിനു തുടങ്ങിയ പ്രതിഭാസം കൂടുതല്‍ സ്ഥലത്തേക്കു വ്യാപിക്കുകയാണ്.
തിരുനെല്ലിയോടു ചേര്‍ന്നുള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ 116 ഏക്കര്‍ സ്ഥലത്തു ഭൂമി പിളരുകയും മണ്ണിടിഞ്ഞു നീങ്ങുകയും ചെയ്തു. രണ്ടു പഞ്ചായത്തുകളിലുമായി 625 വീടുകള്‍ വാസയോഗ്യമല്ലാതായി.
https://www.facebook.com/Malayalivartha

























