എന്‍ഡിഎയിലെ ചിലര്‍ക്ക് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹമില്ല; പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

എന്‍ഡിഎയിലെ ചിലര്‍ക്ക് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹമില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. പൂര്‍ണ ഉത്തരവാദിത്തത്തോടെയാണു പ്രസ്താവന നടത്തുന്നത്. കൂടുതലൊന്നും പുറത്തു പറയാനും ആഗ്രഹിക്കുന്നില്ല. എന്‍ഡിഎയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനു ചിലര്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 പൊതു തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ അംഗങ്ങളുടെ ചര്‍ച്ചകള്‍ ബിഹാറില്‍ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവായ കുശ്വാഹയുടെ പ്രതികരണം. 2014ല്‍ മല്‍സരിച്ചിരുന്ന സീറ്റുകളെല്ലാം ഇത്തവണയും ഉറപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ജെഡിയു ഉള്‍പ്പെട്ട എന്‍ഡിഎയില്‍ കുശ്വാഹയുടെ ശ്രമം. നിതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുശ്വാഹ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ജെഡിയു വിട്ടു പുതിയ പാര്‍ട്ടിക്കു രൂപം നല്‍കിയത്.
ബിഹാറില്‍ ജെഡിയുവിന്റെ സമ്മര്‍ദം മറികടന്ന് സീറ്റുകള്‍ നിലനിര്‍ത്തുകയെന്നത് ആര്‍എല്‍എസ്പി, എല്‍ജെപി തുടങ്ങിയ ചെറുകക്ഷികള്‍ക്കു വെല്ലുവിളിയാണ്. നേരത്തേ ആര്‍എല്‍എസ്പി മുന്നണി വിടാനൊരുങ്ങുകയാണെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും കുശ്വാഹ തന്നെ ഇതു തള്ളി.
https://www.facebook.com/Malayalivartha

























