വാഹന ഇന്‍ഷുറന്‍സില്‍ ഇന്നുമുതല്‍ മാറ്റം വന്നു; ഇനി വാഹനം വാങ്ങുന്നവര്‍ക്ക് അധികവില നല്‍കേണ്ടിവരും; കേന്ദ്രസര്‍ക്കാരിന്റേതാണ് പുതിയ ഉത്തരവ്

സെപ്റ്റംബര്‍ ഒന്നു മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം. കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഇന്നു മുതല്‍ നടപ്പാകുന്നതിനാലാണിത്. ഒരു കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
വാഹനം വ്യക്തികളെയോ മറ്റ് വസ്തുക്കളെയോ ഇടിച്ചുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരമേകുന്നത് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴിയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ വാഹനം ഓടിക്കുന്നത് 1000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത്.
ഇതേ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുമുള്ള പോളിസികള്‍ തയ്യാറാക്കാനാണ് കമ്പനികളോടെ ഐ.ആര്‍.ഡി.എ നിര്‍ദ്ദേശിച്ചത്. ഇതിന് പുറമെ വാഹനം എടുക്കുമ്പോള്‍ തന്നെ ദീര്‍ഘകാല പോളിസികള്‍ നിര്‍ബന്ധമായി നല്‍കാനും ആലോചനയുണ്ട്. ഇന്നു മുതല്‍ ദീര്‍ഘകാല തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രാബല്യത്തിലാകുമെങ്കിലും ഓണ്‍ ഡാമേജ് കവറേജ്, നിലവിലുള്ളതുപോലെ, ഒറ്റ വര്‍ഷത്തേക്ക് എടുക്കാന്‍ അവസരമുണ്ടാകും.
https://www.facebook.com/Malayalivartha





















