ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് നല്‍കുന്ന 10,000 രൂപ വീതമുള്ള ധനസഹായ തുകയുടെ വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് നല്‍കുന്ന 10,000 രൂപ വീതമുള്ള ധനസഹായ തുകയുടെ വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നാലുദിവസം തുടര്‍ച്ചയായി ബാങ്ക് അവധി വന്നതുകൊണ്ട് വിതരണത്തില്‍ പ്രയാസം നേരിട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ വില്ലേജ്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാനും വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 4,72,633 വീടുകള്‍ ഇതിനകം വൃത്തിയാക്കി.
വെള്ളംകയറിയ വീടുകളുടെ 81 ശതമാനമാണിത്. 14,000 സ്‌ക്വാഡുകളാണ് വൃത്തിയാക്കുന്നതിനുവേണ്ടി രംഗത്ത്. നഗരസഭ പ്രദേശത്തെ വെള്ളം ഇറങ്ങിയ വീടുകളുടെ വൃത്തിയാക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാകും. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് മുഴുവന്‍ വീടുകളും വൃത്തിയാക്കാന്‍ കഴിയും. ഇതിനകം 10,747 വലിയ മൃഗങ്ങളുടെയും 40,593 ചെറിയ മൃഗങ്ങളുടെയും 5,23,000 പക്ഷികളുടെയും അവശിഷ്ടങ്ങള്‍ മറവ് ചെയ്തു
. 15,000 ടണ്‍ ജൈവമാലിന്യമാണ് ശേഖരിച്ചത്. അതില്‍ 13,000 ടണ്‍ സംസ്‌കരിച്ചു. 18,543 ടണ്‍ അജൈവമാലിന്യം ശേഖരിച്ചിട്ടുണ്ട്. അത് ഉടനെ സംസ്‌കരിക്കും. വൈള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 28,000 പേരേയുള്ളൂ. ക്യാമ്പുകളുടെ എണ്ണം 236. കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് ആലപ്പുഴയില്‍ 17,805. രണ്ട് ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ, എറണാകുളം ജില്ലയിലാണ് ബാക്കി. ഒന്നുരണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാകും.
മൊത്തം 4.25 ലക്ഷം പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഹാര്‍ദമായി അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തം നേരിടാന്‍ എല്ലാവരും മികച്ച രീതിയില്‍ നല്ല യോജിപ്പോടെ പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം മികച്ചതായിരുന്നു. പല ഉദ്യോഗസ്ഥരും അഹോരാത്രം ജോലി ചെയ്തു. ശുദ്ധജലം വീടുകളില്‍ എത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























