നമുക്ക് ആവശ്യമുള്ള തുക മുഴുവന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമല്ല; നമുക്ക് ആവശ്യമുള്ള വിഭവസമാഹരണം നാം തന്നെ നടത്തണം; കേന്ദ്രത്തില്‍ നിന്നുള്ള സ്‌പെഷ്യല്‍ പാക്കേജിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പിണറായി

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍ക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായത്തിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് ആവശ്യമുള്ള തുക മുഴുവന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമല്ല. നാം ആവശ്യപ്പെട്ടത് ദുരന്തത്തിന്റെ നഷ്ടപരിഹാരവുമല്ല, സ്‌പെഷ്യല്‍ പാക്കേജാണ്. എങ്കിലും അതിന് പരിമിതിയുണ്ട്. വിഭവസമാഹരണം നാം തന്നെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതികളില്‍ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ച സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നഴ്‌സറിക്ലാസുകളിലെ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ അവരുടെ കഴിവിനപ്പുറമുള്ള സഹായങ്ങള്‍ ചെയ്യുകയാണ്. ലോകത്തുള്ള പല രാജ്യങ്ങളും മലയാളികളെ കണ്ടു പരിചയിച്ചവരും നമ്മുടെ നാടിനെ സ്‌നേഹിക്കുന്നവരുമാണ്. അവരും നമ്മെ സഹായിക്കും. ആപത്ഘട്ടത്തില്‍ സഹായിക്കുന്നവരോട് സഹായം ആവശ്യമില്ല എന്ന നിലപാട് ആരും സ്വീകരിക്കില്ല. വിഭവസമാഹരണത്തില്‍ എല്ലാവരുടെയും പിന്തുണ പ്രയോജനപ്പെടുത്തണം. ജനങ്ങളിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. ജനങ്ങള്‍ നമ്മിലും വിശ്വാസം അര്‍പ്പിക്കും.
പ്രളയത്തിനുമുമ്പുള്ള നാട് വീണ്ടും നിര്‍മിക്കുകയല്ല, കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് നാടിനെ പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാടിനെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെയടക്കം സഹായം തേടി മുന്നോട്ടുപോകും. പുനര്‍നിര്‍മാണത്തില്‍ പാര്‍ട്ണര്‍ കണ്‍സള്‍ട്ടന്റായി കെ.ടി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ലഭിക്കുന്ന സഹായമാണ്. ഇത്തരത്തില്‍ സഹായം നല്‍കാന്‍ സന്നദ്ധരായ വിവിധ ഏജന്‍സികളുണ്ടാവാം. അവരുടെ സഹകരണവും ഉറപ്പാക്കണം. അവരുടെയെല്ലാം സഹായത്തോടെ മികവുറ്റത് കണ്ടെത്തണം.
ഖജനാവിന്റെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. നാടിന് വലിയ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. നാടിന് പൊതുവില്‍ സാമ്പത്തിക ദൗര്‍ബല്യമുണ്ടെങ്കിലും പുറത്ത് സാമ്പത്തികമികവുള്ളവരുണ്ട്. ഒത്തുപിടിച്ചാല്‍ അവരില്‍നിന്ന് വലിയ സഹായങ്ങള്‍ നമുക്ക് ലഭിക്കും.
ദുരന്തം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത് ഏറെ സഹാനുഭൂതിയോടെയാണ്. കേന്ദ്ര സഹായത്തിന്റെ കാര്യത്തില്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തകര്‍ന്നുപോയ ഗ്രാമങ്ങളെ ദത്തെടുക്കാന്‍ തയ്യാറായ ധാരാളം പ്രസ്ഥാനങ്ങളുണ്ട്. ഇവരുടെയെല്ലാം വാഗ്ദാനങ്ങള്‍ ക്രോഡീകരിച്ചാല്‍ നമ്മുടെ ഗ്രാമങ്ങളെയും സ്‌കൂളുകളെയും തകര്‍ന്നുപോയ മറ്റു സംവിധാനങ്ങളെയും മികവുറ്റ രീതിയില്‍ പുനര്‍നിര്‍മ്മിക്കാം. ഇതിനായി തകര്‍ന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ഗ്രാമം തിരിച്ച് എടുക്കണം. ഏതു വില്ലേജിലാണ് ഇതെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയണം. കൃത്യമായ വിവരശേഖരണത്തിന് കാലതാമസം ഉണ്ടാകരുത്. ചെറുതും വലുതുമായ എല്ലാ സഹായങ്ങളെയും ഇവിടെ എത്തിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ എളുപ്പം പുനര്‍നിര്‍മ്മിക്കാനാകും.
കൃത്യമായ ആസൂത്രണത്തിലൂടെ നമുക്ക് ഇതിന് കഴിയണം. സമയബന്ധിതമായി ഓരോ കാര്യവും തീര്‍ക്കണം. തകര്‍ന്നവയുടെ കണക്കുകള്‍ കൃത്യമായിരിക്കണം. ദുരന്തത്തിന്റെ ഘട്ടത്തില്‍ ഒരു നിമിഷം പോലും ആരും പാഴാക്കിയിട്ടില്ല. ആ ഘട്ടത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിവിധ വകുപ്പുകകളുടെ ഉന്നതാധികാരികളുമായി അവലോകന യോഗങ്ങള്‍ നടന്നു. അവലോകന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കുവച്ച പല നിര്‍ദ്ദേശങ്ങളും ദുരന്തം നേരിടാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു. ഈ കൂട്ടായ്മയും കൃത്യമായ ആസൂത്രണവുമാണ് ആഘാതത്തിന്റെ തീവ്രത കുറച്ചത്.
സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍ റൂം വാര്‍ റൂം പോലെ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ടവരും നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. കേന്ദ്രസേനകള്‍ വന്നപ്പോഴുള്ള ഏകോപനവും മികച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുകളുമൊക്കെ ദുരന്തസ്ഥലങ്ങളില്‍ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം. നാടിനോട് പ്രതിബദ്ധതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















