കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് അടുത്തയാഴ്ച നോട്ടീസ് അയക്കും

ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. കേസിന്റെ പുരോഗതി വിലയിരുത്താന്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി കെ. സുഭാഷും യോഗത്തില്‍ പങ്കെടുക്കും. ഇതിലാകും ബിഷപ്പിനെ വിളിച്ചുവരുത്തുന്നതില്‍ അന്തിമതീരുമാനമെടുക്കുക. ഇതിനായി ഡി.ജി.പിയുടെ അടക്കം അനുമതിയും തേടും.
ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചിരിക്കുന്നത്. പഞ്ചാബില്‍ എത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഏറെ പ്രതിസന്ധികളുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍നിന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനോട് ആഭ്യന്തര വകുപ്പിന് താല്‍പര്യമില്ല. മാധ്യമങ്ങള്‍ക്കിടയിലൂടെ ബിഷപ്പിനെ കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണകരമാകില്ലെന്ന വിലയിരുത്തല്‍ സര്‍ക്കാര്‍ തലങ്ങളിലുമുണ്ട്.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഏറക്കുറെ പൂര്‍ത്തിയായെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു. തിങ്കളാഴ്ചത്തെ യോഗത്തിനുശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി ഉടന്‍ നല്‍കും. ഇതിനായി തിങ്കളാഴ്ച ഫോണ്‍ പാലാ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയില്‍നിന്ന് വീണ്ടും മൊഴിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















