കക്കാട്ടാറ്റിലെ മണിയാര്‍ ഡാമിന് ഗുരുതരബലക്ഷയം; ഗുരുതരമായ ഈ തകരാറുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ്; ഡാമിന്റെ അറ്റത്ത് ചോര്‍ച്ചയും

പമ്പയുടെ കൈവഴിയായ കക്കാട്ടാറ്റിലെ മണിയാര്‍ ഡാമിന് ഗുരുതരബലക്ഷയമെന്ന് കണ്ടെത്തി. ഷട്ടറുകള്‍ക്ക് താഴെ വെള്ളം ഒഴുകുന്ന ഭാഗം എന്നിവിടങ്ങള്‍ പൊളിഞ്ഞ നിലയിലാണ്. ഷട്ടറുകള്‍ക്കും ബലക്ഷയമുണ്ട്.
ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ ശനിയാഴ്ച ഡാം പരിശോധിച്ച് ഗുരുതരതകരാറുകള്‍ ഉള്ളതായി സ്ഥിരീകരിച്ചു. നിലവില്‍ അപകട ഭീഷണിയില്ലെന്നും തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അപകടത്തിന് സാധ്യതയുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് വലിയ തോതില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്. മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നിട്ടുണ്ട്.
കാര്‍ബോറാണ്ടം വൈദ്യുതി പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ ഡാം. 12 മെഗ വാട്ട് വൈദ്യുതിയാണ് ഇവിടുത്തെ ഉല്‍പാദന ശേഷി. പമ്പാ ജലസേചന പദ്ധതിക്കായി 1961ലാണ് ഡാം നിര്‍മിച്ചത്. 1995 മുതല്‍ വൈദ്യുതി ഉല്‍പാദനവും തുടങ്ങുകയായിരുന്നു. ആഗസ്റ്റ് 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നു. അഞ്ചു ഷട്ടറുള്ളതില്‍ നാലെണ്ണം തുറന്നുവിട്ടു. ഒരു ഷട്ടര്‍ തുറക്കാന്‍ കഴിയാത്ത നിലയിലാണ്. തുറന്നവ ഇപ്പോഴും പൂര്‍ണമായും അടച്ചിട്ടില്ല. ഡാമിന് തകര്‍ച്ച സംഭവിച്ചാല്‍ മണിയാര്‍ മുതല്‍ പൂവത്തുംമൂടുവരെ കക്കാട്ടാറിന്റെ തീരത്തും പൂവത്തുംമൂട് മുതല്‍ കുട്ടനാടുവരെ പമ്പയാര്‍ ഒഴുകുന്ന വഴികളിലുള്ളവരെയും വെള്ളത്തിലാഴ്ത്തും. ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കി.മീ. വ്യാപിച്ചു കിടക്കുന്നതാണ് വൃഷ്ടിപ്രദേശം.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് മണിയാറിലേത്. വിള്ളലുകള്‍ ഇപ്പോഴുണ്ടായതല്ലെന്നും കുറേനാളായി കണ്ടുതുടങ്ങിയതാണെന്നും സമീപവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha






















