പ്രളയബാധിതരുടെ ഭവനനിര്‍മാണത്തിനും പുനരധിവാസത്തിനുമായി വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് തന്റെ ആഢംബര കാര്‍ ലേലം ചെയ്യുന്നു

കന്യാസ്ത്രീയെ ബലാല്‍സംഘം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സഭകള്‍ക്കാകെ നാണക്കേടുണ്ടുക്കിയപ്പോള്‍ സമൂഹത്തിന് മാതൃകയായി ഇതാ മറ്റൊരു ബിഷപ്പ്. പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ ഒന്നരവര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറില്‍ ആയിരിക്കും യാത്ര ചെയ്യുക.
അതിരൂപതയില്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികള്‍ക്കായി വകയിരുത്തണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനം കഴിഞ്ഞ ദിവസം പള്ളികളില്‍ വായിച്ചിരുന്നു.
ഇന്നോവ കാര്‍ ലേലം ചെയ്ത് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിര്‍മ്മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒഎല്‍എക്‌സ് ആപ്ലിക്കേഷനില്‍ കാറിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാര്‍ എറണാകുളം മറൈന്‍ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് അതിരൂപത ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററെ സമീപിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha
























