കുഞ്ഞിന് ഒരുനേരത്തെ ആഹാരം പോലും എനിക്ക് കൊടുക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കഴുത്തറുത്ത് കൊന്നത്; പല സ്ഥലങ്ങളിലും വീട്ടുജോലികൾ ചെയ്തും, കടകളില്‍ സഹായിയായും പ്രവര്‍ത്തിച്ചും ഒറ്റയ്ക്ക് കുടുംബത്തെ പുലർത്താൻ നെട്ടോട്ടമായിരുന്നു: ഒരിടത്തും പിടിച്ചുനിൽക്കാനായില്ല, അതിനിടയിൽ പറ്റിപ്പോയതാ സാറെ... കോഴിക്കോട് ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്

കോഴിക്കോട് ബാലുശ്ശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്ബത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു ഇവര്‍. ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുക്കുന്നത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ നിത്യ സന്ദര്‍ശ്ശകനായി മാറി. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയാകുന്നത്. ഗര്‍ഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താന്‍ ചതിയില്‍പെട്ടു എന്നു മനസ്സിലായതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊന്നുകളയാന്‍ റിന്‍ഷ തീരുമാനിച്ചത്.
റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. ഒരിക്കല്‍പ്പോലും അടുത്തുള്ളവരുമായി സഹകരിക്കുന്ന സാഹചര്യമുണ്ടായില്ല. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ബാലുശേരി പൊലീസിന്റെ തീരുമാനം.
പുലര്‍ച്ചെ രണ്ട് മണിയോടെ റിന്‍ഷയുടെ കുടുംബവീട്ടിലായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തറുത്തതെന്ന് റിന്‍ഷ പൊലീസിനോട് സമ്മതിച്ചു. റിന്‍ഷയും മാതാവും സഹോദരനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നാട്ടുകാരുമായി കുടുംബത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറ് മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോട് പറഞ്ഞിരുന്നു. എന്നാല്‍ സംശയം ഉന്നയിച്ചവരോട് കലഹിച്ച് പിരിയാനാണ് കുടുംബം ശ്രമിച്ചത്. ആരോപണം ഉന്നയിക്കുന്ന നാട്ടുകാരുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിന്‍ഷയുടെ ഭീഷണി. ഇത്തേത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് അടുത്തുള്ളവര്‍ പതിവായി നല്‍കിയിരുന്ന സഹായവും നിര്‍ത്തി.
വേദനയില്‍ റിന്‍ഷക്ക് താങ്ങായത് അകറ്റിനിര്‍ത്തിയിരുന്ന നാട്ടുകാര്‍ തന്നെയാണ്. ആശുപത്രിയിലെത്തിച്ച വാഹനത്തിന് പണം നല്‍കിയത് നൂറും അഞ്ഞൂറും എന്ന നിരക്കില്‍ നാട്ടുകാര്‍ ശേഖരിച്ച തുക ഉപയോഗിച്ചാണ്. കുഞ്ഞ് മരിച്ചുവെന്ന് പൊലീസ് പറഞ്ഞിട്ടും നമുക്ക് രക്ഷപ്പെടുത്താന്‍ കഴിയുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഡോക്ടറെത്തി സ്ഥിരീകരിച്ചതോടെയാണ് അതിനുള്ള ശ്രമം അവസാനിപ്പിച്ചതെന്ന് ബാലുശേരി സി.ഐയുടെ വാക്കുകള്‍.
വനിതാ പൊലീസിനെ കണ്ടപ്പോള്‍ത്തന്നെ തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ച് റിന്‍ഷ തുറന്നുപറഞ്ഞു. വിവിധയിടങ്ങളില്‍ ജോലി െചയ്തു. വീട്ടുജോലിയും കടകളില്‍ സഹായിയായും പ്രവര്‍ത്തിച്ചു. ഒറ്റയ്ക്കാണ് സാറെ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണ്. കൊല്ലണമെന്നുണ്ടായിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ചിലപ്പോള്‍ ഒരുനേരത്തെ ആഹാരം പോലും തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ആരും എന്നെ സഹായിച്ചിട്ടില്ല. എന്നാല്‍ കുഞ്ഞിന്റെ പിതാവ് ആരെന്ന ചോദ്യത്തിന് റിന്‍ഷയ്ക്കു മൗനമായിരുന്നു മറുപടി.
https://www.facebook.com/Malayalivartha
























