മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ രണ്ട് പ്രതികള്‍ കൂടി പിടിയിൽ

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കൂടി പോലീസ് പിടികൂടി. അവിനാശ്, നിജിന്‍ എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേ അക്രമി സംഘം ക്രൂരമായി ഷുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്.
തില്ലങ്കേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരെ പ്രതികളാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























