സാമൂഹ്യ മന:ശാസ്ത്ര ഇടപെടലുകള്‍ക്കായി 6000 വിദഗ്ധര്‍; 10 ദിവസം കൊണ്ട് സാന്ത്വനം നല്‍കിയത് അരലക്ഷം പേര്‍ക്ക്; സാന്ത്വന സംഘത്തിന്റെ പ്രവര്‍ത്തനം ഫലവത്തായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി രൂപീകരിച്ച സാന്ത്വന സംഘത്തിന്റെ പ്രവര്‍ത്തനം ഫലവത്തായതായി നടന്നുവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ഏകോപിപ്പിച്ച് വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് 52,602 പേരെയാണ് സംഘത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ച് കൗണ്‍സലിംഗും സാമൂഹ്യ മന:ശാസ്ത്ര ഇടപെടലും സാധ്യമാക്കിയത്. മന:ശാസ്ത്രവും സാമൂഹ്യ പ്രവര്‍ത്തനവും പഠിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് വനിതാ ശിശുവികസന വകുപ്പിന്റെയും നിംഹാന്‍സ് (NIMHANS) ബംഗലൂരുവിന്റെയും നേതൃത്വത്തില്‍ ക്യാമ്പുകളിലും വീടുകളിലും ആയി കഴിയുന്ന ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സാധനങ്ങളും പണവും എത്തിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ മന:ശാസ്ത്ര പരിരക്ഷയും അത്യാവശ്യമാണെന്നുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് സാന്ത്വന സംഘം രൂപീകരിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കാരണമെന്ന് മന്ത്രി പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ അത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ദുരന്തം മുന്നില്‍ കണ്ടവര്‍ക്കുള്ള സാന്ത്വനം, ആത്മഹത്യ പ്രതിരോധം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യമന:ശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീര്‍ത്തും ദുര്‍ബലരായവര്‍ക്കിടയില്‍ നടക്കാന്‍ സാധ്യതയുള്ള മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ സാന്ത്വന സംഘം വഴി ഏകോപിപ്പിച്ചത്. നഷ്ടപ്പെട്ട രേഖകള്‍ പുന:സംഘടിപ്പിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംഘം നല്‍കിയിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ പ്രളയബാധിത മേഖലകളില്‍ വോളണ്ടിയര്‍ ആയി സേവനം അനുഷ്ടിക്കാനും പ്രളയ ബാധിതര്‍ക്ക് മാനസിക സാമൂഹ്യ പിന്തുണ ഉറപ്പാക്കാനും തയ്യാറുള്ള പ്രൊഫഷണലുകളെ ക്ഷണിച്ചപ്പോള്‍ എം.എസ്.ഡബ്ല്യു, മന:ശാസ്ത്രം, കൗണ്‍സിലിംഗ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും വിദ്യാര്‍ഥികളുമടക്കം 5192 പേരാണ് സന്നദ്ധരായി വളരെപ്പെട്ടന് മുന്നോട്ടു വന്നത്. ജില്ലകളിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരും ഫാമിലി കൗണ്‍സിലിംഗ് സെന്ററുകളിലുള്ളവരും ചേര്‍ന്നപ്പോള്‍ അത് 6000 പേരായി.
ഓഗസ്റ്റ് 23, 24 തീയതികളിലായി നിംഹാന്‍സ് ആണ് സാന്ത്വന സംഘത്തിന് ആവശ്യമായ പരിശീലനം നല്‍കിയത്. ഇന്ത്യക്കകത്തും പുറത്തും ഭൂകമ്പങ്ങള്‍, സുനാമി, പ്രളയം എന്നിവ നടന്ന മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നരായ 11 ടീമാണ് 11 ജില്ലകളിലായി പരിശീലനം നല്‍കുവനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാനും നിംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗത്തില്‍ നിന്നും കേരളത്തില്‍ എത്തിയത്. കേസില്‍പ്പെട്ട കുട്ടികള്‍ക്കിടയില്‍ സാമൂഹ്യമന:ശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന 'കാവല്‍' പദ്ധതിയിലെ 20 സന്നദ്ധസംഘടനകളും പരിശീലന പരിപാടിയില്‍ സജീവമായിരുന്നു.
പരിശീലനം കഴിഞ്ഞ സന്നദ്ധ പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പും ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ചേര്‍ന്ന് തിരുവോണ ദിനം മുതല്‍ ജില്ലകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 4000 പേരെക്കൂടി വിവിധ ഇടങ്ങളില്‍ പരിശീലിപ്പിച്ചു. 52,602 പേരില്‍ കൂടുതല്‍ മന:ശാസ്ത്രസഹായം ആവശ്യമുള്ള 338 വ്യക്തികളെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് റഫര്‍ ചെയ്തു. സെപ്റ്റംബര്‍ 5 വരെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടരും.
ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമാ മേഖലയില്‍ നിന്നുള്ള കെ.എസ്. ചിത്ര, റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, റിമി ടോമി, സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയവരും എത്തിയിരുന്നു.
അതാതു ജില്ലകളിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍മാരോടൊപ്പം പദ്ധതി ഏകോപിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഓരോ ദുരന്തത്തിനു ശേഷവും വിശദമായ പോസ്റ്റ് ട്രോമാറ്റിക്ക് കൗണ്‍സിലിംഗും അനുബന്ധ ഇടപെടലുകളും നടക്കാറുണ്ട്. ഇതേ മാതൃകയില്‍ ഭാവിയിലും ഇടപെടാനായി സംഘങ്ങളെ രൂപീകരിക്കുക എന്നത് കൂടിയാണ് ഈ പദ്ധതിയുടെ ഉദ്ദേശമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























