ഫിഫ ദ ബെസ്റ്റ്' ഫൈനല്‍ പട്ടികയില്‍നിന്ന് ലയണല്‍ മെസ്സി ഇല്ല; ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂകാ മോഡ്രിച്, മുഹമ്മദ് സലാഹ് എന്നിവര്‍ക്ക് സ്ഥാനം; അന്തിമപ്പട്ടികയില്‍നിന്ന് മെസ്സി പുറത്താവുന്നത് ഇതാദ്യം

'ഫിഫ ദ ബെസ്റ്റ്' ഫൈനല്‍ പട്ടികയില്‍നിന്ന് ലയണല്‍ മെസ്സി പുറത്തായപ്പോള്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂകാ മോഡ്രിച്, മുഹമ്മദ് സലാഹ് എന്നിവര്‍ക്ക് ഇടം. സെപ്റ്റംബര്‍ 24ന് ലണ്ടനിലാണ് പ്രഖ്യാപനം. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമില്‍നിന്ന് ചുരുക്കപ്പട്ടികയില്‍ ആരുമില്ല. 11 വര്‍ഷത്തിനുശേഷം ആദ്യമായാണ് അന്തിമപ്പട്ടികയില്‍നിന്ന് മെസ്സി പുറത്താവുന്നത്. 2007 മുതല്‍ 2017 വരെ ഫൈനല്‍ ലിസ്റ്റിലെ സ്ഥിര സാന്നിധ്യമായ മെസ്സി, അഞ്ചു തവണ പുരസ്‌കാരവും നേടിയിരുന്നു.
മൂന്നു വട്ടം പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും പേരുമാറ്റത്തിനുശേഷം തുടര്‍ച്ചയായി രണ്ടു തവണ ഫിഫ ബെസ്റ്റും നേടിയ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡിനൊപ്പമുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്റെ മികവുമായാണ് പട്ടികയില്‍ ഇടംപിടിച്ചത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച് മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്‌കരം നേടിയ മോഡ്രിച് യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയാണ് വരുന്നത്.
ഈജിപ്ത് ഫോര്‍വേഡായ മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനായി 44 ഗോളടിച്ചും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചുമാണ് തിളങ്ങിയത്.മുന്‍താരങ്ങള്‍ അടങ്ങിയ ഫിഫ ലെജന്‍ഡ്‌സ് പാനല്‍ തെരഞ്ഞെടുത്ത 10 പേരില്‍നിന്ന് ആരാധകര്‍, ദേശീയ ടീം ക്യാപ്റ്റന്‍കോച്ചുമാര്‍, തെരഞ്ഞെടുക്കപ്പെട്ട സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്ക് വോട്ടുചെയ്യുന്നത്.
https://www.facebook.com/Malayalivartha























