കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഭൗമമന്ത്രാലയം; രണ്ടോ മൂന്നോ ദിവസം മുമ്പേ റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. റെഡ് അലര്‍ട്ടിനെക്കാള്‍ വലിയ ജാഗ്രതാ മുന്നറിയിപ്പ് നല്‍കാറില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതി തീവ്രമഴ ഉണ്ടാകുമെന്ന അറിയിപ്പ് സംസ്ഥാനസര്‍ക്കാരിന് ഓഗസ്റ്റില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. കേരളത്തില്‍ കഴിഞ്ഞമാസം കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ വിശദ്ദീകരണം . രണ്ടോ മൂന്നോ ദിവസം മുമ്പേ റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. റെഡ് അലര്‍ട്ടിനെക്കാള്‍ വലിയ ജാഗ്രതാ മുന്നറിയിപ്പ് നല്‍കാറില്ല കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ (ഐ.എം.ഡി.) തിരുവനന്തപുരം ഓഫീസില്‍നിന്ന് അവരുടെ വെബ്‌സൈറ്റില്‍ ദിവസവും മൂന്നു തവണവീതം മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ, ഡോപ്ലര്‍ വെതര്‍ റഡാര്‍ ഡേറ്റ ഉപയോഗിച്ച് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് വരുന്ന മൂന്നു മണിക്കൂറിലെ കാലാവസ്ഥാ വിവരം എസ്.എം.എസ്. വഴിയും നല്‍കിയിരുന്നു.
ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, നാവികസേന, സ്‌പെഷ്യല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവര്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ അടുത്ത അഞ്ചുദിവസത്തെ മുന്നറിയിപ്പും കൊടുത്തിരുന്നു. മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് രണ്ടിന് ഇറക്കിയ പത്രക്കുറിപ്പില്‍ ഒമ്പത് മുതല്‍ 15 വരെ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇക്കാര്യം ഒമ്പതിനും ആവര്‍ത്തിച്ചു. കേരളത്തിലുടനീളം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് ഓഗസ്റ്റ് 13 മുതല്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. ഓഗസ്റ്റ് എട്ടു മുതല്‍ ഓറഞ്ച് അലര്‍ട്ടും (തയ്യാറായിരിക്കാനുള്ള മുന്നറിയിപ്പ്) ഒമ്പതിന് റെഡ് അലര്‍ട്ടും (നടപടിക്കുള്ളത്) നല്‍കി. ഓഗസ്റ്റ് 14 മുതല്‍ വളരെ കനത്തതുമായ മഴ ലഭിക്കുമെന്ന് പത്താം തീയതി അറിയിച്ചു.
ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക് ഓറഞ്ചും വയനാടിന് റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇടുക്കിയില്‍ 14 മുതല്‍ റെഡ് അലര്‍ട്ടാണെന്ന് 12നു വ്യക്തമാക്കി. പതിന്നാലു മുതല്‍ മിക്ക ജില്ലകളിലും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 16ന് ഏഴ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ടും ബാക്കി ഏഴു ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നല്‍കി മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha























