ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിരപരാധിത്വം വ്യക്തമാക്കിയ വെള്ളാപ്പള്ളി നാമജപത്തിനെതിരെ പ്രതിരോധ സമരം നടത്തുമെന്നും വ്യക്തമാക്കി, മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് ആശ്വാസമാകുന്നതാണ് ഈ നിലപാട്

പിണറായി സര്‍ക്കാരിനെതിരെ താഴെയിറക്കാന്‍ സവര്‍ണ്ണമേധാവിത്വം ശ്രമിക്കുന്നതോടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കളത്തിലിറക്കി സി.പി.എം തിരിച്ചടിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിരപരാധിത്വം വ്യക്തമാക്കിയതിനാല്‍ സമരത്തിനില്ലെന്ന് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ സമുദായ സംഘടനാ നേതാവ് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നിലപാടിന് കൂടുതല്‍ കരുത്ത് പകരുന്നു. മാത്രമല്ല കോടതി വിധിക്കെതിരെ തെരുവില്‍ സമരം തുടര്‍ന്നാല്‍ പ്രതിഷേധ സമരത്തെ കുറിച്ച് എസ്.എന്‍.ഡി.പി ആലോചിക്കുമെന്നും വ്യക്തമാക്കി. നാമജപം അടക്കമുള്ള പരിപാടികളില്‍ സമുദായത്തിലെ അംഗങ്ങളാരും പങ്കെടുക്കില്ലെന്ന് മാത്രമല്ല സമുദായത്തിലെ യുവതികളാരും മലകയറില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
ഇത് തന്നെയാണ് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ച് പറഞ്ഞത്. സവര്‍ണ്ണമേധാവിത്വം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായി ഹിന്ദുസമൂഹം എന്ന് പറയുന്നത് തന്ത്രികുടുംബം മാത്രമല്ലെന്നും എല്ലാ ഹൈന്ദവ സമുദായങ്ങളെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുമായി സി.പി.എം അകന്ന് കഴിയുകയായിരുന്നെങ്കിലും മൈക്രോ ഫൈനാന്‍സ് കേസ് സര്‍ക്കാര്‍ ചവിട്ടിപ്പിടിച്ചതോടെ മുഖ്യമന്ത്രിയുമായി അടുപ്പത്തിലായി വെള്ളാപ്പള്ളി.
എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും സര്‍ക്കാരിനെതിരെ തിരിഞ്ഞത് കാര്യം മനസിലാക്കാതെയാണെന്നാണ് വെള്ളാപ്പള്ളിയുടെ വാര്‍ത്താസമ്മേളനം വ്യക്തമാക്കുന്നത്. ശബരിമലയില്‍ ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശങ്ങള്‍ എടുത്ത് കളഞ്ഞതിന് പിന്നില്‍ തന്ത്രികുടുംബത്തിന് പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്. അവകാശം എങ്ങനെ ഇല്ലാതായെന്ന് മുതിര്‍ന്ന എഴുത്തുകാരനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന എന്‍.എസ് മാധവന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് വാശിപിടിക്കുന്ന എന്‍.എസ്.എസ് തങ്ങളുടെ ക്ഷേത്രങ്ങളില്‍ സ്വസമുദായത്തിലുള്ളവരെ പൂജാരിമാരാക്കാന്‍ താന്ത്രിവ വിദ്യാപീഠം ആരംഭിച്ചതെന്തിനെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
1957ല്‍ വിമോചന സമരത്തിലൂടെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്തിറക്കിയത് സവര്‍ണ്ണമേധാവിത്വവും ക്രൈസ്തവ സഭകളും മറ്റുമാണ്. അതിന്റെ ആവര്‍ത്തനമാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ ഇപ്പോള്‍ നടക്കുന്നതെന്നും സി.പി.എം പ്രവര്‍ത്തകരോട് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha




















