പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്നു തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യവിതരണത്തില്‍ അഴിമതി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ കള്ളപ്രചാരണം നടത്തുകയാണ് മുഖ്യമന്ത്രി. വീര്യം കുറഞ്ഞ മദ്യത്തിന് വന്‍തോതില്‍ നികുതി ഇളവ് നല്‍കി മദ്യ വ്യവസായികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സംസ്ഥാന ബജറ്റില്‍ സ്വീകരിച്ചതെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
നികുതി ഇളവു മൂലം സര്‍ക്കാര്‍ ഖജനാവില്‍ വര്‍ഷം 600ലേറെ കോടി നഷ്ടപ്പെടും. ഇത് മദ്യമൊഴുക്കുമെന്ന ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനുള്ള പരിഹാരം ഫിനാന്‍സ് ബില്ലില്‍ നികുതി നിര്‍ദേശം ഒഴിവാക്കുകയെന്നതാണ്. ഈ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നം എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവച്ചത്. ഇത് സംബന്ധിച്ച് കര്‍ഷകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കെ.കരുണാകരന്‍ നിയോഗിച്ച ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിര്‍വചനം നല്‍കി അനുവദനീയമായ പരിധി നിര്‍ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.
വ്യക്തമായ ചട്ടം ഉണ്ടാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മദ്യക്കമ്പനികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതോ സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതോ ആയിരുന്നില്ല. വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക് 3 വര്‍ഷത്തിനുശേഷവും നികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയില്ല. ഇടതുസര്‍ക്കാരിന്റെ ഇടപെടല്‍ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരുന്നു. യുഡിഎഫിന്റെ നയമാവട്ടെ മദ്യക്കമ്പനികള്‍ക്കു വേണ്ടിയുള്ളതാണ്.
മദ്യക്കമ്പനികള്‍ക്കു വേണ്ടിയുള്ള ഈ നയം തിരുത്തണമെങ്കില്‍ ഫിനാന്‍സ് ബില്ലില്‍ നിന്നു വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി ഒഴിവാക്കുകയാണ് വേണ്ടത്. ഇത് സംബന്ധിച്ച തങ്ങളുടെ നയം യുഡിഎഫ് ഘടക കക്ഷികള്‍ വ്യക്തമാക്കണം.
https://www.facebook.com/Malayalivartha






















