മുണ്ടുടുത്ത, ലാളിത്യം കലർന്ന ഗവർണർ ഇമേജിൽ കുമ്മനം

മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയിലൂടെ വടക്കു കിഴക്കൻ മേഖലയിൽ അധികാരമുള്ള ഏക സംസ്ഥാനം നിലനിർത്താനുള്ള പെടാപാടിലാണ് കോൺഗ്രസ്. അതേസമയം ബി.ജെ.പിക്ക് മിസോറം കൂടി പിടിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പിൽ മുൻതുക്കം ലഭ്യമാകൂ. പാർട്ടിക്ക് ഇവിടെ വലിയ വേരോട്ടമില്ല. അതിനാൽ പ്രാദേശിക കക്ഷികളിലൂടെ ലക്ഷ്യം നേടാനാണ് അമിത് ഷായുടെ കരുനീക്കം.
രാജാവിനേപ്പോലെ ജീവിക്കുന്ന ഗവർണർമാർക്കിടയിൽ വ്യത്യസ്തനായ കുമ്മനം മിസോറാമിലെ ബിജെപിയ്ക്ക് ഒരു പുതിയ മുഖം നൽകുന്നു. കേരളത്തിലെ ബിജെപി പ്രസിഡന്റായിരുന്നു കുമ്മനമെന്നത് മിസ്സോറാംകാർക്ക് ആവേശമാണ്. ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ധാരാളമുള്ള മിസോറാമിൽ ഏവരുടെയും പ്രിയപ്പെട്ടവനായി കുമ്മനം മാറിയിരിക്കുന്നു.
മേഘാലയയിലും നാഗലാൻഡിലും പ്രാദേശിക കക്ഷികളെ പ്രോത്‌സാഹിപ്പിച്ച് കോൺഗ്രസിനെ പുറത്താക്കിയ തന്ത്രമാകും ബി.ജെ.പി മിസോറാമിലും പയറ്റുക. ക്രൈസ്‌ത വോട്ടുകൾ നിർണായകമായ ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടില്ല. ജനറൽ സെക്രട്ടറി രാംമാധവിന്റെ നേതൃത്വത്തിൽ ബൂത്തു തലം മുതൽ പാർട്ടി ശക്തിപ്പെടുത്തുകയാണ്. 40 അംഗ സഭയിൽ തൂക്കിനു സാദ്ധ്യതയുള്ളതിനാൽ ഗവർണറുടെ തീരുമാനം നിർണായകമാകും. അതു മുന്നിൽ കണ്ടാണ് കുമ്മനം രാജശേഖരനെ ഗവർണറാക്കിയതും.
ബി.ജെ.പി പ്രാദേശിക മുന്നണി വിട്ടെങ്കിലും എം.എൻ.എഫിനെ പുറത്തു നിന്ന് പിന്തുണച്ചേക്കും. അല്ലെങ്കിൽ പീപ്പിൾസ് റപ്രസേന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്‌റ്റാറ്റസ് ഒാഫ് മിസോറാം (പ്രിസം), എം.സി.പി, ഒാപ്പറേഷൻ മിസോറം തുടങ്ങിയ കക്ഷികളടങ്ങിയ കോൺഗ്രസ് വിരുദ്ധ സഖ്യത്തിനാകും സഹായം.
2008 ൽ മിസോ നാഷണൽ ഫ്രണ്ടിൽ (എം.എൻ.എഫ് ) നിന്ന് തിരിച്ചു പിടിച്ച അധികാരം പിന്നെ കോൺഗ്രസ് വിട്ടിട്ടില്ല. കോൺഗ്രസ് എന്നാൽ ലാൽ താൻഹാവ്‌ലയാണ് . 2008 ൽ 39% വോട്ടും 40ൽ 32 സീറ്റുമായി അധികാരം പിടിച്ച അദ്ദേഹം 2013ൽ വോട്ട് 45ശതമാനമാക്കി ഉയർത്തി.സീറ്റ് 40 ൽ 34. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങൾ, അഴിമതി ആരോപണങ്ങൾ, ഭരണവിരുദ്ധ വികാരം തുടങ്ങി തലവേദനകളേറെയാണ്.
https://www.facebook.com/Malayalivartha























