ശബരിമല വിഷയത്തില്‍ 'ഭരണഘടനയിലാണ് ജനാധിപത്യ കേരളത്തിന്റെ വിശ്വാസം' എന്ന ആശയം മുന്‍നിര്‍ത്തി അടുത്തമാസം തിരുവനന്തപുരത്ത് ഭരണഘടനാ സംരക്ഷണ സംഗമം നടത്തും

ശബരിമല വിഷയത്തില്‍ 'ഭരണഘടനയിലാണ് ജനാധിപത്യ കേരളത്തിന്റെ വിശ്വാസം' എന്ന ആശയം മുന്‍നിര്‍ത്തി അടുത്തമാസം തിരുവനന്തപുരത്ത് ഭരണഘടനാ സംരക്ഷണ സംഗമം നടത്തുമെന്ന് ഹ്യൂമന്‍സ് എന്ന സംഘടനയുടെ ഭാരവാഹികളായ വി.എസ് ശ്യാംലാലും ഡോ. ആര്‍.എസ് ദിനേശും അറിയിച്ചു. നവംബര്‍ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ തിരുവനന്തപുരത്താണ് ഭരണഘടനാ സംരക്ഷണ സംഗമം നടക്കുക. ശംഖുമുഖം കടല്‍ത്തീരമാണ് പരിഗണിക്കുന്നത്. പരിപാടിയുടെ പേര് പിന്നീട് തീരുമാനിക്കും. ഒരു സംഘടനയുടേയും ബാനറില്‍ അല്ലാതെ മാനവികതയുടെ പേരിലാണ് നമ്മള്‍ ഒത്തുചേരുന്നത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, ഇന്ത്യയുടെ ജനാധിപത്യ മുന്നേറ്റത്തിലെ ജ്വലിക്കുന്ന ഏടായി വരുംകാലം വിലയിരുത്തും. നമ്മുടെ ഭരണഘടനയെയും അത് വിഭാവനം ചെയ്യുന്ന സ്ത്രീക്കും പുരുഷനുമുള്ള തുല്യ നീതിയെയും മൗലികാവകാശങ്ങളെയും സംരക്ഷിക്കുന്ന ഈ സുപ്രധാന വിധിക്കെതിരെ സംഘടിതമായ അതിക്രമങ്ങളും അസത്യപ്രചരണങ്ങളും മതപൗരോഹത്യവും അവരുടെ സംരക്ഷകരും ചില രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.
ചരിത്രത്തിലെ ഈ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ കാഴ്ചക്കാരായി നിന്നാല്‍ രാജ്യത്തിന്റെ നീതിസംവിധാനവും മതേതരത്വവും തകരും. ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും മാനവികതയിലുള്ള ആത്മവിശ്വാസവും നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹത്തില്‍ തുടരേണ്ടതുണ്ട്. ഇക്കാരണത്താലാണ്, ഭരണഘടനയിലാണ് ജനാധിപത്യ കേരളത്തിന്റെ വിശ്വാസംഎന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, മലയാളിസമൂഹം ഒന്നാകെ പങ്കെടുക്കുന്ന ഒരു പൗരസംഗമം സംഘടിപ്പിക്കണമെന്ന ആശയം രൂപപ്പെട്ടത്. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു പരിപാടിയാണ് നമ്മുടെ ലക്ഷ്യം. ഇത് കാലത്തിന്റെ അനിവാര്യതയാണ്. വീണ്‍വാക്കുകള്‍ക്കപ്പുറം അത്തരമൊരു പ്രയോഗത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കുവാന്‍ യുവാക്കളും മുതിര്‍ന്നവരുമായ ജനാധിപത്യവാദികള്‍ കാത്തിരിക്കുകയാണ്.
ഇതിനായി ഒരു ആലോചനായോഗം ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് തെക്കുവശത്തുള്ള ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടക്കും. എല്ലാ മനുഷ്യസ്‌നേഹികളും സംഘടനകളും പ്രവര്‍ത്തകരും കലാസാഹിത്യ സിനിമാ നാടക ചിത്രരചനാ പ്രവര്‍ത്തകരും ചരിത്രകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.
https://www.facebook.com/Malayalivartha
























