കേരളപ്പിറവി ദിനത്തില്‍ ആഘോഷ പരിപാടിക്കായി മാതാപിതാക്കളോടൊപ്പം സ്കൂളിലേയ്ക്ക് എത്തി; എല്ലാം കഴിഞ്ഞ് തിരിച്ചുപോകാൻ ബാഗ് എടുക്കാൻ ക്ലാസ് മുറിയിലെത്തിയ അഞ്ച് വയസുകാരൻ പെട്ടെന്ന് കുഴഞ്ഞുവീണു: നിമിഷങ്ങൾക്ക് മുമ്പുവരെ കളിചിരിയോടെ നിന്ന മകന്റെ ശരീരം കോരിയെടുത്ത് മാതാപിതാക്കളുടെ മുന്നിലേയ്ക്ക് ഓടി അധ്യാപിക..

യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന്‍ വിവിന്‍ വിനോദ് ആണ് മരിച്ചത്. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് വിവിന്‍. മാറ്റിവെച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിന്‍.
പരിപാടികള്‍ അവസാനിച്ച ശേഷം ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ വിവിന്‍ കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ടീച്ചര്‍ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ വിവിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാന്‍ കഴിയൂവെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വിവിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന് അവധി ആണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























