രണ്ടാഴ്ച മുൻപ് സംസക്കരിച്ച പരേതൻ തിരിച്ചെത്തി ; ഞെട്ടലോടെ വീട്ടുകാർ

രണ്ടാഴ്ച മുമ്പ് വീട്ടുകാര്‍ ആടിക്കൊല്ലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ മതപരമായ ചടങ്ങുകളോടെ സംസ്ക്കരിച്ച പരേതൻ ബുധനാഴ്ച വീട്ടിലെത്തി. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേല്‍ സജിയാണ്‌ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്.
സജി മരിച്ചെന്ന് നിഗമനത്തിലെത്തിയത് ഇങ്ങനെ :
തേക്കനാംകുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകനാണു സജി(47). അവിവാഹിതന്‍. ജോലിക്കെന്നു പറഞ്ഞ് മൂന്നു മാസത്തോളം മുമ്പ് വീട്ടില്‍നിന്നു പോയ ഇയാളെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചില്ല. ഇങ്ങനെയുള്ള യാത്രകള്‍ പതിവായതിനാല്‍ ബന്ധുക്കള്‍ കാര്യമായി അന്വേഷിച്ചതുമില്ല. ഇതിനിടെ, ഒക്‌ടോബര്‍ 13-നു കര്‍ണാടകയിലെ എച്ച്.ഡി. കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
മരിച്ചതാരാണെന്ന് അറിയാനായി കര്‍ണാടകയിലെ െബെരകുപ്പ പോലീസും പുല്‍പ്പള്ളി പോലീസും അന്വേഷണം നടത്തുന്നതിനിടെ യാദൃച്ഛികമായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയ സജിയുടെ സഹോദരന്‍ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിഞ്ഞു. ഉടന്‍ മാതാവ് ഫിലോമിനയെ കൂട്ടിക്കൊണ്ട് മോര്‍ച്ചറിയിലെത്തി.തുടർന്ന് അഴുകിയ മൃതദേഹത്തിന്റെ പരിസരത്തുനിന്നു കിട്ടിയ ചെരുപ്പ് സമാനമായിരുന്നു. ഒരു കാല് നേരത്തേ ഒടിഞ്ഞിരുന്നെന്നും കമ്പിയിട്ടിരുന്നെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും യോജിച്ചു. അതോടെ മൃതദേഹം സജിയുടേതെന്ന് ഉറപ്പിച്ചു. പോലീസ് മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ മൃതദേഹം കഴിഞ്ഞ 16-ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ,ഇക്കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ പനമരത്തുവച്ച് സജിയെ കണ്ടു ഞെട്ടി. അപ്പോഴാണു താന്‍ മരിച്ചെന്നും മൃതദേഹം സംസ്‌കരിച്ചെന്നും സജി അറിഞ്ഞത്! തുടർന്ന് വേഗം വീട്ടിലെത്തുകയായിരുന്നു സജി .
എന്നാൽ , സംഭവം അറിഞ്ഞതിന് പിന്നാലെ ഭൂസ്വത്ത് തട്ടിയെടുക്കാനായി താന്‍ മരിച്ചെന്നു ചിത്രീകരിച്ചതാണെന്നു സജി ആരോപിച്ചതോടെ ബന്ധുക്കള്‍ ശരിക്കും വെട്ടിലാകുകയും ചെയ്തു.
തന്റെ ഭൂമി സ്വന്തമാക്കാനായാണ് ബന്ധുക്കള്‍ താന്‍ മരിച്ചതായി ചിത്രീകരിച്ചതെന്നു സജി പറയുന്നു. മൃതദേഹം മാറിപ്പോയതു തെറ്റിദ്ധാരണ മൂലമാണെന്നു ബന്ധുക്കള്‍ വിശദീകരിച്ചു. ആടിക്കൊല്ലിയില്‍ സ്വന്തം വീട്ടില്‍ തനിച്ചാണു സജി താമസിച്ചിരുന്നത്. പല നാട്ടിലും കൂലിപ്പണിക്കു പോകുമായിരുന്നു. യാത്രകളെപ്പറ്റി ബന്ധുക്കളോടു പറയുക പതിവുണ്ടായിരുന്നില്ല. വീടുവിട്ടുനില്‍ക്കുമ്പോള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതും അപൂര്‍വം. സജി തിരിച്ചെത്തിയ വിവരം ബന്ധുക്കള്‍ ബീച്ചനഹള്ളി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. അപ്രതീക്ഷിതമായ ട്വിസ്റ്റ് വന്നതോടെ സജിയുടേതെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ക്കു െകെമാറിയ മൃതദേഹം ആരുടേതെന്ന് അറിയാന്‍ പോലീസ് നെട്ടോട്ടത്തിലാണ് ഇപ്പോൾ. പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടര്‍നടപടി സ്വീകരിക്കാനായി പോലീസ് ജില്ലാ കലക്ടറുടെ അനുമതി തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























