പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ അതിവേഗ എസി ബോട്ട് വേഗ 120-യുടെ ഉദ്ഘാടനം ഇന്ന്

3 ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചു കേരളത്തിലെ ആദ്യത്തെ അതിവേഗ എസി ബോട്ട് വേഗ 120 പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബോട്ട് 4-നാണ് സര്‍വീസ് ആരംഭിക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വച്ച് ഉദ്ഘാടനം 2-ന് വൈക്കത്ത് മന്ത്രി തോമസ് ഐസക് നിര്‍വഹിക്കും.
ആദ്യദിനങ്ങളില്‍ രാവിലെയും വൈകിട്ടും 2 സര്‍വീസുകളാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓഫിസിലെത്തുന്നതിനും തിരിച്ചുപോകുന്നതിനുമുള്ള സൗകര്യം കണക്കിലെടുത്താവും സമയം നിശ്ചയിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വേഗ സര്‍വീസ് ആരംഭിക്കുന്നതോടെ വൈക്കത്തു നിന്നു കൊച്ചിയിലേക്കുള്ള 33 കിലോമീറ്റര്‍ സഞ്ചാരം ഇനി 1.45 മണിക്കൂര്‍ കൊണ്ടു സാധ്യമാകും.സ്‌റ്റോപ് മൂന്നിടങ്ങളില്‍ ആണുള്ളത്. 3 കണക്ഷന്‍ ബോട്ടുകളും. ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളിലായി, സര്‍വീസ് ആരംഭിക്കുന്ന വൈക്കത്തിനും അവസാനിപ്പിക്കുന്ന എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപത്തുള്ള ബോട്ട് ജെട്ടിക്കും ഇടയിലുള്ളത് 3 സ്‌റ്റോപ്പുകളാണ്.
ജലഗതാഗതത്തെ ഒട്ടേറെപ്പേര്‍ ആശ്രയിക്കുന്ന തവണക്കടവില്‍ നിന്നു വൈക്കം ജെട്ടിയിലേക്കും പെരുമ്പളം മാര്‍ക്കറ്റില്‍ നിന്നു പാണാവള്ളിയിലേക്കും വൈറ്റില, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നു തേവര ഫെറിയിലേക്കുമുള്ള കണക്ഷന്‍ ബോട്ടുകള്‍ ആരംഭിക്കും.
വേഗ 120 കടന്നു പോകുന്ന സ്‌റ്റോപ്പുകളിലേക്കു കൃത്യസമയത്ത് ആള്‍ക്കാരെ എത്തിക്കുന്നതിനും പോകുന്നതിനുമാണു കണക്ഷന്‍ ബോട്ടുകള്‍. കൂടുതല്‍ ആള്‍ക്കാരും സൗകര്യങ്ങളും കുറഞ്ഞ ചെലവില്‍ ബസിനേക്കാള്‍ കുറഞ്ഞ ചെലവിലുള്ള സര്‍വീസാണ് ഉദേശിക്കുന്നതെന്നു വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. നോണ്‍ എസി യാത്രയ്ക്ക് 40 രൂപയും എസി യാത്രയ്ക്ക് 80 രൂപയുമാവും നിരക്ക്.
3 ബസില്‍ സഞ്ചരിക്കുന്നയാള്‍ക്കാരെ വേഗ 120ല്‍ ഉള്‍ക്കൊള്ളിക്കാനാകും. 40 എസി ഇരിപ്പിടങ്ങളും 80 നോണ്‍ എസി ഇരിപ്പിടങ്ങളുമുണ്ട്. 6 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സാധാരണ ബോട്ടിന്റെ ഇരട്ടി വേഗത്തില്‍, അതായത് 12 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാവും സഞ്ചാരം. സ്പീഡ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയേക്കാള്‍ വേഗത്തില്‍ അതിവേഗ ബോട്ട് സഞ്ചരിക്കും. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോമീറ്ററുകള്‍ സഞ്ചരിക്കുമ്പോള്‍ വേഗ 120-ന് സഞ്ചരിക്കാന്‍ കഴിയുന്നത് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍.
4 ജീവനക്കാര്‍ സദാസമയവും ബോട്ടിലുണ്ടാകും. ഹൈഡ്രോളിക് എന്‍ജിനു പുറമെ ഇലക്ട്രിക് എന്‍ജിനും ഘടിപ്പിച്ചിട്ടുള്ള ബോട്ടിന്റെ റൂട്ട് ട്രാക്ക് ചെയ്യുന്നതിനു സൗകര്യമുണ്ട്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
സ്ഥിരം യാത്രക്കാര്‍ക്കു സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ സൗകര്യങ്ങളും വരുംനാളുകളില്‍ ആരംഭിച്ചേക്കും. കുടുംബശ്രീയുമായി ചേര്‍ന്നു യാത്രക്കാര്‍ക്കു ബോട്ടിനുള്ളില്‍ ലഘുഭക്ഷണ വിപണനവും ആലോചിക്കുന്നുണ്ടെന്നു ഷാജി വി. നായര്‍ പറഞ്ഞു. സെന്‍ട്രല്‍ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് എറണാകുളത്തെ നവഗതി മറൈന്‍ എന്ന കമ്പനിയാണ് 1.85 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha























