ആന്തരികാവയങ്ങള്‍ക്ക് ക്ഷതമില്ല; മരണകാരണം രക്തസ്രാവം;രാഷ്ട്രീയ വിവാദമുയര്‍ത്തിയ ശബരിമല തീര്‍ഥാടകന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

രാഷ്ട്രീയ വിവാദമുയര്‍ത്തിയ ശബരിമല തീര്‍ഥാടകന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. രക്തസ്രാവം മൂലമാണ് മരണമെന്നാണ് കണ്ടെത്തല്‍. രക്തസ്രാവമുണ്ടായത് തുടയെല്ല് പൊട്ടിയാണെന്നും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉയരത്തില്‍ നിന്ന് വീണോ അപകടത്തിലോ തുടയെല്ല് പൊട്ടാമെന്നും. മൃതദേഹത്തിന് ഒരാഴ്ചയ്ക്കുമേല്‍ പഴക്കമുണ്ടെന്നും ജീര്‍ണിച്ച നിലയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷം ഉള്ളില്‍ചെന്നതായി സൂചനയില്ല.
പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് പൊലീസ് നടപടിക്ക് ശേഷമെന്ന് മകന്‍ നല്‍കിയ പരാതിയിലും, ഭാര്യയും വ്യക്തമാക്കുന്നു. ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തി. ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ശിവദാസന്റെ മരണം സംബന്ധിച്ച വാദത്തിനിടെ ഹൈക്കോടതിയും പറഞ്ഞു.
18 ാം തിയതി രാവിലൊണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നത്. 19ന് ദര്‍ശനത്തിനുശേഷം വീട്ടില്‍വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് മകന്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിലും, ശിവദാസന്റെ ഭാര്യയും പറയുന്നത്. പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആരോപണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതേവിഷയത്തില്‍ കോടതിയെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമക്കരുതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ശിവദാസന്റെ മരണത്തിന് ഉത്തരവാദി പൊലീസ് ആണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശിവദാസന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.
https://www.facebook.com/Malayalivartha


























