ഭക്തരുടെ മനസ് കാണാത്ത സര്‍ക്കാരിനും കോടതിയ്ക്കും നല്ല ബുദ്ധിയുണ്ടാകാന്‍ ക്ഷേത്രങ്ങളില്‍ ഗണപതിഹോമം
ശബരിമല വിഷയത്തില്‍ ഒരു രീതിയിലും സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് കണ്ടതോടെ ഹൈന്ദവ ധര്‍മ ആചാര്യന്‍മാര്‍ പണ്ട് പയറ്റി വിജയിച്ച രീതി പുറത്തെടുക്കുകയാണ്. സര്‍ക്കാരിന്റെ ശബരിമല നയത്തില്‍ പ്രതിഷേധിച്ച് ആചാര സംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യ സംഗമം. കോടതിക്കും സര്‍ക്കാരിനും നല്ലബുദ്ധിയുണ്ടാകാനാണിത്. ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണകൂടം വിട്ടുനില്‍ക്കണമെന്നും എറണാകുളത്തുചേര്‍ന്ന ആചാര്യ സംഗമത്തിലാണ് തീരുമാനം.
ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. എന്‍.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരില്‍ നിയമനടപടികള്‍ സ്വീകരിക്കണം. കോടതിവിധിയിലും അതേത്തുടര്‍ന്നുണ്ടായ നടപടികളിലും വിശ്വാസിസമൂഹം ആശങ്കയിലാണ്. ആചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാന്‍ കോടതികള്‍ക്കു കഴിയില്ല. വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാ ക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ആചാര ലംഘനമുണ്ടാകാതിരിക്കാന്‍ സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയിട്ടെന്നുള്ള രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കില്‍പ്പോലും അത് അനുവദിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























