മലബാർ സിമെൻറ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് വി.എം രാധാകൃഷ്ണന്റെ വീടും ഇരുപത് ആസ്തി വകകളും അടങ്ങിയ 23 കോടിയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി;കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ്; ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിൽ

വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. മലബാർ സിമെൻറ്സ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണന്റെ വീടും ഇരുപത് ആസ്തി വകകളും അടങ്ങിയ സ്വത്തുക്കൾ കണ്ടുക്കെട്ടിയത്. എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റിന്റേതാണ് നടപടി . 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടി.പാലക്കാട് വയനാട് കോഴിക്കോട് ജില്ലയിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
23.8 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് സമര്‍പ്പിച്ച നാല് കുറ്റപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വി.എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത് .
കമ്പനിയിലേക്ക് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതിന് വി എം രാധാകൃഷ്ണന്റെ സ്ഥാപനമായ എ ആര്‍ കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനം മലബാര്‍ സിമന്റ്‌സുമായി ഒമ്പതു വര്‍ഷത്തേയ്ക്ക് കറാറുണ്ടാക്കിയിരുന്നു. 2004 ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഒപ്പം, കമ്പനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എംഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഈ കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് . ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ ഈ കേസില്‍ പ്രതികളാണ്. ഇതില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക്, ഈ ഉദ്യോഗസ്ഥരുടെ വസ്തു വകകളും കണ്ടുകെട്ടുന്ന നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നേക്കുമെന്നാണ് സൂചന.
മലബാര്‍ സിമന്റ്‌സിലെ ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില്‍ മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്‍. മുന്‍ എംഡി കെ പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലുവാണ് നാലാം പ്രതി.
.
https://www.facebook.com/Malayalivartha

























