തന്ത്രി നടയടയ്ക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചിട്ടില്ല, തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്, ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല; വിവാദ പ്രസംഗത്തിൽ മലക്കംമറിഞ്ഞ് ശ്രീധരൻപിള്ള

ശബരിമല നടയടയ്ക്കാൻ ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ ഫോണ്‍ വിളിച്ചെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. തന്ത്രി കണ്ഠരര് രാജീവര് നടയടയ്ക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചിട്ടില്ലെന്നും തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍പിള്ള.
" നടയടയ്ക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി. കണ്ഠരര് രാജീവരുടെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല. ആ കുടുംബത്തിലെ മറ്റാരെങ്കിലുമാവാം. അന്നും ഞാന്‍ പറഞ്ഞത് അങ്ങനെയാണ്. പക്ഷേ എന്റെ വാക്കുകള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു"- ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും നട അടയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചെന്നുമായിരുന്നു യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ളയുടെ മുന്‍ പരാമര്‍ശം.
എന്നാൽ ആചാരലംഘനമുണ്ടായാൽ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നെ നേരിട്ട് അറിയിച്ചിരുന്നു. ആചാരലംഘനങ്ങളെക്കുറിച്ചും അതുണ്ടായാൽ നടത്തേണ്ട പരിഹാരക്രിയകളെക്കുറിച്ചും തന്ത്രിയെന്നനിലയിൽ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരൻപിള്ള ഉൾപ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കിൽ തന്റെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കാമെന്നും തന്ത്രി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍നിലപാടില്‍ മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























