205 ചാക്കുകളിലായി 15,375 കിലോ റേഷനരി കടത്തിയ കേസ്; സിബിഐ ഡി.വൈ.എസ്. പി ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം

റേഷനരി കടത്ത് കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാത്ത സി ബി ഐ ഡിവൈഎസ്പിക്ക് കോടതി അന്ത്യശാസനം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ.എസ്.മല്ലികയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നന്ദകുമാറിന് അന്ത്യശാസനം നൽകിയത്.
സാക്ഷിമൊഴി നൽകാൻ പല ആവർത്തി കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിലാണ് കോടതി നടപടി. ജനുവരി 22 ന് ഹാജരാകാനാണ് അന്ത്യ ശാസനം. 22 ന് ഹാജരാകാത്ത പക്ഷം അന്വേഷണ ഉദ്യോഗസ്ഥൻ തെളിവ് നൽകിയില്ലെന്ന കാരണം രേഖപ്പെടുത്തി കേസിൽ തീർപ്പു കൽപ്പിക്കുമെന്ന മുന്നറിയിപ്പ് സി ബി ഐ ക്ക് നൽകിക്കൊണ്ടാണ് കോടതിയുടെ അന്ത്യശാസനം.
ക്രിമിനൽ കേസ് വിചാരണയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാത്ത പക്ഷം പ്രോസിക്യൂഷൻ കേസ് ദുർബലപ്പെടും.പ്രോസിക്യൂഷൻ കേസിൽ ഉണ്ടാകുന്ന ഓരോ വീഴ്ചയുടെയും ആനുകൂല്യങ്ങൾ ഇന്ത്യൻ തെളിവ് നിയമപ്രകാരം പ്രതിക്കാണ് ലഭ്യമാകുന്നത്.
ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നും റേഷൻ മൊത്ത വ്യാപാരിക്ക് 205 ചാക്കുകളിലായി നൽകിയ 15,375 കിലോഗ്രാം റേഷനരി കരിഞ്ചന്തയിൽ വിൽക്കാനായി ലോറിയിൽ കടത്തികൊണ്ടു പോയി പുനലൂർ അരി മൊത്ത വ്യാപാരിയായ മുതലാളിയുടെ സ്വകാര്യ ഗോഡൗണിൽ പൂഴ്ത്തി വച്ചുവെന്നാണ് സി ബി ഐ കേസ്.
റേഷൻ മൊത്ത വ്യാപാരി, സ്വകാര്യ അരി മൊത്ത വ്യാപാരി, ഇട നിലക്കാർ, ലോറി ഡ്രൈവർ, ക്ലീനർ എന്നിവരടങ്ങുന്നതാണ് സിബിഐയുടെ പ്രതിപ്പട്ടിക. ആന്റണി, ഷമീർ എന്ന ബാബു, പുഷ്പരാജൻ, മുരുകൻ, സത്യൻ, പുരുഷോത്തമൻ ,മോഹനൻ പിള്ള എന്നിവരാണ് 1 മുതൽ 7വരെയുള്ള പ്രതികൾ.
2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പുനലൂർ പോലീസ് കേസന്വേഷിച്ച് പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സ്ഥലവാസികൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.ലോക്കൽ പോലീസന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
2015 മാർച്ച് 26 നാണ് സി ബി ഐ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നാൾ വഴി രജിസ്റ്റർ, സ്റ്റോക്ക് രജിസ്റ്റർ തുടങ്ങിയ രേഖകൾ അടങ്ങുന്ന റെക്കോഡുകൾ പിടിച്ചെടുത്ത് സിബിഐ കോടതിയിൽ ഹാജരാക്കി. 1955 ലെ അവശ്യ സാധന നിയന്ത്രണ നിയമത്തിലെ വകുപ്പുകളായ 3 , 7 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha























