പാര്‍ലമെന്റ് വിജയമുറപ്പിക്കാനുള്ള സെമി ഫൈനലിൽ കാലിടറി മോദി; തകർന്നടിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രീയ മാർക്കറ്റിലെ ക്രൗഡ് പുള്ളർ ഇമേജ്...

മോദീ പ്രഭാവം അസ്തമിച്ചു. ഇന്ത്യ കണ്ടെത്തിയതില്‍ വച്ചേറ്റവും പ്രഗത്ഭരുടെ കൂട്ടത്തില്‍ ക്രൗഡ് പുള്ളറായിരുന്ന മോദി ഇന്ത്യന്‍ രാഷ്ട്രീയ മാര്‍ക്കറ്റില്‍ തകര്‍ന്നടിയുന്നു. ഏറെ ആരോപണങ്ങള്‍ വേട്ടയാടിയിരുന്ന മോദിക്കിത് അഗ്‌നി പരീക്ഷണമായിരുന്നു. പാര്‍ലമെന്റ് വിജയമുറപ്പിക്കാനുള്ള സെമി ഫൈനല്‍ വിജയം. ഇവിടെ കാലിടറിയതിന് ഇനി വലിയ വില കൊടുക്കേണ്ടി വരും. ബിജെപിക്ക് മിന്നുന്ന മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനുമില്ല. എല്ലാം മോദി മയമായിരുന്നു. അമിത് ഷാ മോദി കൂട്ടുകെട്ട് തകര്‍ന്നടിയുമ്പോള്‍ ബിജെപിയും ആശങ്കയിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകളില്‍ തന്നെ അന്തിമഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷമാണ് ഇവിടെ നേടിയിരിക്കുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 46 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കാണ് ഇവിടെ സര്‍ക്കാരുണ്ടാക്കാനാകുന്നത്. അതേ സമയം വ്യക്തമായ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ബിജെപി. മറ്റുള്ളവര്‍ ഒമ്പത് സീറ്റുകളില്‍ മുന്നേറുന്നുണ്ട്. എന്നാല്‍ അതൊന്നും അന്തിമഫലത്തെ തങ്ങള്‍ക്ക് അനുകൂലമാക്കില്ലെന്ന് ബിജെപിക്ക് തന്നെ വ്യക്തമായി അറിയാം. അതിനാല്‍ തന്നെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു തിരിച്ചുപിടിക്കലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞതില്‍ നിന്നുള്ള തിരിച്ചു വരവും.
2013ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ തന്നെ ഒറ്റയ്ക്ക് ഭരിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് 39 സീറ്റുകളിലേക്ക് വീണു. മറ്റുള്ളവര്‍ ഒന്നും ബിഎസ്പി ഒന്നും സീറ്റുകള്‍ നേടിയിരുന്നെങ്കിലും ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നിന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കി തന്നെ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം ബിജെപി തകര്‍ന്നടിയുകയും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് രാഹുലിന്റെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. എല്ലായിടത്തും ഓടിയെത്തി പ്രചരണം നയിച്ച രാഹുല്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു രാഹുല്‍ ഇക്കുറി നടത്തിയത്. റഫാല്‍ കരാറില്‍ സര്‍വ്വത്ര അഴിമതിയാണെന്ന് ചൂണ്ടികാട്ടിയ രാഹുല്‍, രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നായിരുന്നു വിളിച്ചുപറഞ്ഞത്. രാഹുലിന്റെ വാക്കുകളുടെ മുര്‍ച്ഛ അക്ഷരാര്‍ഥത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടി. അതുകൊണ്ടുതന്നെയാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി രാഹുലിനെ പ്രതിരോധിക്കാന്‍ മോദി ശ്രമിച്ചത്. മോദിയുടെ ശബ്ദം ഉയരുമ്പോള്‍ വിട്ടുകൊടുക്കാതെ രാഹുലും പ്രതിരോധിച്ചു.
പ്രചരണങ്ങളും ബഹളവുമൊക്കെ കഴിഞ്ഞുള്ള അവസാന കൂട്ടിക്കിഴിച്ചിലുകളില്‍ ഉയരുന്നത് രാഹുലിന്റെ ചിരി തന്നെയാണ്. നേര്‍ക്കുനേര്‍ പോരാടിയ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനായത് രാഹുലിനും കോണ്‍ഗ്രസിനും പ്രതിപക്ഷ വിശാലതയ്ക്കും പകര്‍ന്നേകുന്ന ആത്മവിശ്വാസം ചെറുതല്ല. മോദിയുടെ എതിരാളിയാകാനുള്ള എല്ലാ ശേഷിയും തനിക്കുണ്ടെന്ന പ്രഖ്യാപനം കൂടിയാണ് രാഹുല്‍ ഇപ്പോള്‍ നടത്തുന്നത്. അധ്യക്ഷ പദവിയില്‍ കേവലം ഒരു വര്‍ഷം ആകുമ്പോള്‍ അതിശക്തനാകുകയാണ് രാഹുല്‍ എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
അതേ സമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്റിന് മുന്നില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബിജെപി നേരിടുന്ന തിരിച്ചടിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോദി തയാറായില്ല.
അഞ്ച് വർഷത്തിൽ കൂടുതൽ ആരെയും തുണയ്‌ക്കാത്ത രാജസ്ഥാനിൽ ബി.ജെ.പിയെ പിൻതള്ളി കോൺഗ്രസ് മുന്നേറ്റം. ബി.ജെ.പിയുടെ കോട്ടകൾ തകർത്താണ് പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നേറുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിനായി എ.ഐ.സി.സി നിരീക്ഷകർ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ ആയില്ലെങ്കിൽ സ്വതന്ത്രരെ കൂട്ട് പിടിച്ച് സർക്കാരുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം.
https://www.facebook.com/Malayalivartha























