അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും നേരിട്ട കനത്തതിരിച്ചടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും കോണ്‍ഗ്രസിനും നേരെ ആരോപണ ശരങ്ങള്‍ എയ്തു തുടങ്ങി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും നേരിട്ട കനത്തതിരിച്ചടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും കോണ്‍ഗ്രസിനും നേരെ ആരോപണ ശരങ്ങള്‍ എയ്തു തുടങ്ങി. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും മോദി ഇതേ ആയുധമാണ് പ്രയോഗിച്ചത്. മോദിയുടെ തീവ്രഹിന്ദു നിലപാടിലെ മൃദുഹിന്ദുത്വം കൊണ്ട് നേരിട്ടാണ് രാഹുല്‍ ഇത്തവണ വിജയത്തിന്റെ പൊന്‍തൂവല്‍ തന്റെ തൊപ്പിയിലണിയിച്ചത്. അത് അപകടകരമായ പോക്കാണെന്ന് തിരിച്ചറിഞ്ഞാണ് മോദി ഹാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും വിദേശബന്ധവും ക്രൈസ്തവ അടുപ്പവും ആയുധമാക്കുന്നത്.
റാഫാല്‍ ഇടപാടില്‍ കോടതിയില്‍ നിന്ന് മോദിക്ക് തല്‍ക്കാലം ആശ്വാസം ലഭിച്ചെങ്കിലും സി.എ.ജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അത് ശരിവയ്ക്കുന്ന തെളിവുകളും കോണ്‍ഗ്രസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. സാധാരണ പ്രതിരോധ ഇടപാടുകളില്‍ കോടതികള്‍ കൈകടത്താറില്ല. ആ നിലപാട് തന്നെയാണ് റഫാല്‍ ഇടപാടിലും സ്വീകരിച്ചത്. അതിനാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും റാഫാല്‍ ഇടപാട്. ഇത് ഭയന്നാണ് ബോഫേഴ്‌സ് ഇടപാടിലെ ക്വട്രോച്ചിയേയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രിസ്റ്റ്യന്‍ മിഷേലിനേയും മോദി കോണ്‍ഗ്രസിനെതിരെ ആയുധമാക്കുന്നത്.
ഈ രണ്ട് ക്രിസ്ത്യന്‍ നാമധാരികളെ മുന്‍നിര്‍ത്തി ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസിനും ക്രിസ്ത്യന്‍ ബന്ധമുണ്ടെന്നും അവരുടേത് ഹൈന്ദവ കുടുംബമല്ലെന്നും വരുത്തിത്തീര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുക്കുമെന്നുമാണ് മോദി കരുതുന്നത്. എന്നാല്‍ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ആര്‍.എസ്.എസിന്റെ മുന്നില്‍ ഇതൊക്കെ വിലപ്പോകുമോ എന്ന് സംശയമാണ്. രാജസ്ഥാനില്‍ അവസാന നിമിഷം ആര്‍.എസ്.എസിന്റെ കാല് പിടിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പാളിപ്പോയി.
കഴിഞ്ഞ രണ്ട് യു.പി.എ സര്‍ക്കാരുകളുടെ കാലത്തും വത്തിക്കാനില്‍ നിന്ന് പോപ്പ് ഇടപെട്ടാണ് ഭരണംനിയന്ത്രിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇറ്റാലിയന്‍ നാവികര്‍ കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലും സോണിയയുടെ ക്രൈസ്തവ- വിദേശബന്ധമാണ് ബി.ജെ.പി ആരോപിച്ചത്. എന്നാല്‍ അധികാരത്തില്‍ വന്ന ബി.ജെ.പി അക്കാര്യത്തില്‍ യാതൊരു നിലപാടും സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ആയുധമാക്കിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. എന്നാല്‍ അവരും വലിയ അഴിമതികളാണ് നടക്കുന്നത്. അംബാനിമാരും അദാനിമാരുമാണ് സര്‍ക്കാരിന്റെ പ്രധാന ഗുണഭോക്താക്കള്‍. അമിത്ഷായുടെ മകന്റെ കമ്പനിക്ക് വഴിവിട്ട് ആനുകൂല്യങ്ങളും മറ്റും നല്‍കിയത് വഴി കോടിക്കണക്കിന് രൂപയാണ് ലാഭം ഉണ്ടാക്കിയത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര നിരവധി അഴിമതികളും റിയല്‍ എസ്‌റ്റേറ്റ് കുംഭകോണങ്ങളും നടത്തിയിരുന്നു. അതും ബി.ജെ.പി ആയുധമാക്കിയിരുന്നു. അധികാരത്തിലേറിയ ശേഷം ഇടയ്ക്കിടെ വാദ്രയുടെ കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുന്നതല്ലാതെ മോദി യാതൊരു നടപടിയും സ്വീകരിച്ചില്ല. മുമ്പ് പപ്പു എന്ന് പറഞ്ഞാണ് മോദിയും അമിത്ഷായും മറ്റും രാഹുല്‍ഗാന്ധിയെ പരിഹസിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ പഴയ ഇന്ത്യയാണെങ്കിലും രാഹുല്‍ പഴയ രാഹുലല്ല അതാണ് സത്യം. അതിനാല്‍ തിരിച്ചുവരവിന് അല്ലെങ്കില്‍ രണ്ടാമൂഴത്തിന് മോദി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും കാരണം രാഹുല്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha
























