കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട... ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്നിൽകണ്ട് അഞ്ചുകോടി രൂപയുടെ മയക്കുമരുന്നുമായി ഇബ്രാഹിം ഷെരീഫ് പിടിയിൽ

ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കുവേണ്ടി കൊച്ചി നഗരത്തിലെത്തിച്ച അഞ്ചുകോടി രൂപയുടെ മയക്കുമരുന്നു പിടികൂടി. ഐസ്‌മെത്ത് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, വിനാശകാരിയായ മയക്കുമരുന്നായ, മെത്താംഫിറ്റമിനുമായി ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫാ(59)ണ് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
രണ്ടു കിലോഗ്രാം മെത്താംഫിറ്റമിനും ഹാഷിഷ് ഓയില്‍ എന്നു സംശയിക്കുന്ന രണ്ടു ലിറ്റര്‍ പദാര്‍ഥവും കണ്ടെടുത്തിട്ടുണ്ട്. മുംബൈ, ഗോവ, ബംഗളുരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തരം എത്തിച്ചിരുന്ന സംഘത്തിലെ കണ്ണിയാണു പിടിയിലായ ഇബ്രാഹിം ഷെരീഷെന്നു ഡി.സി.പി: ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാള്‍ക്കു മയക്കുമരുന്നു കൈമാറിയ ബിഗ് ബോസ് എന്ന രഹസ്യകോഡില്‍ അറിയപ്പെടുന്നയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു. ലഹരിമരുന്നുമായി ഇബ്രാഹിം ഷെരീഫ് ട്രെയിനില്‍ കയറിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ഇതേ ട്രെയിനില്‍ കയറിയ ഷാഡോ സംഘം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ നോര്‍ത്ത് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഇബ്രാഹിമിനെ ചോദ്യംചെയ്‌തതില്‍നിന്നു തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയില്‍ ഇയാള്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നു സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെന്നു വ്യക്‌തമായി. ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നുകള്‍ കയറ്റിയയയ്‌ക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മാസങ്ങളായി ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സാമൂഹികമാധ്യമങ്ങള്‍വഴിയുള്ള സന്ദേശങ്ങളും നിരീക്ഷിച്ചു നടത്തിയ നീക്കത്തിലാണു പ്രതി പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും മെത്താംഫിറ്റമിന്‍ പിടികൂടുന്നത്.
https://www.facebook.com/Malayalivartha

























