ഭർത്താവിനൊപ്പം രാത്രി കിടന്നുറങ്ങിയ യുവതിയെ പത്ത് മിനിറ്റ് കഴിഞ്ഞ് കാണാതായി; അന്വേഷിച്ചിറങ്ങിയ ഭർത്താവും ബന്ധുക്കളും കണ്ടത് അടുത്ത പുരയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍...ഇടുക്കിയിൽ സംഭവിച്ചത്

നെടുങ്കണ്ടം കവുന്തിയില്‍ യുവതിയെ പടുതാകുളത്തില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) തിങ്കളാഴ്ച രാത്രിയില്‍ പത്തേകാലോടെയാണ് കിടക്കപ്പായില്‍ നിന്ന് കാണാതായത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്.
ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതേ തുടര്‍ന്ന് പൊലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിച്ചു. പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കിടപ്പുണ്ടായിരുന്നു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നാണ് അനുമാനം.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഉണ്ണിമായയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണിമായയുടെ പിതാവ് സംഭവദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്ബന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. രണ്ടര വയസുകാരന്‍ ഗൗതംകൃഷ്ണ ഏക മകനാണ്.
https://www.facebook.com/Malayalivartha



























