പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍

പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ കൂവപ്പള്ളിയില്‍ പോലീസിനെതിരെ ഭീഷണി മുഴക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍. എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിന്റെ സ്ഥാനത്തെച്ചൊല്ലിയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെച്ചൊല്ലിയുമാണ് പ്രശ്‌നം ഉടലെടുത്തത്. പോളിംഗ് ബൂത്തില്‍ നിന്ന് പാലിക്കേണ്ട നിശ്ചിത ദൂരപരിധി ലംഘിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇത് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് ആധാരമായത്.
സംഭവസ്ഥലത്തെത്തിയ എം.എല്‍.എ കൂടിയായ സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍ പോലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ 'എടോ' എന്ന് അഭിസംബോധന ചെയ്ത എം.എല്‍.എ, തന്റെ റാങ്ക് ഡി.ജി.പിക്ക് മുകളിലാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും ഇതിനപ്പുറവും ജീവിതമുണ്ടെന്നുമുള്ള രീതിയിലുള്ള ഭീഷണിയുടെ സ്വരവും എം.എല്‍.എയുടെ സംസാരത്തിലുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊള്ളാന്‍ പോലീസിനെ അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
എന്നാല്‍ എം.എല്‍.എയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ നടപടിയെടുത്തതെന്നും ആരെയും പേടിച്ചല്ല ജീവിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ തിരിച്ചടിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നതോടെ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























