ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും നിലവില്‍ ബി.ജെ.പി അംഗവുമായ ജി. മാധവന്‍ നായര്‍ രംഗത്ത്

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും നിലവില്‍ ബി.ജെ.പി അംഗവുമായ ജി. മാധവന്‍ നായര്‍. ആര്‍ത്തവം നിലയ്ക്കാത്ത യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് ഭീരുത്വമാണെന്ന് മാധവന്‍ നായര്‍ ആരോപിച്ചു. യുവതികളുടെ ശബരിമല ദര്‍ശനം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണ്. ഇരുട്ടിന്റെ മറവില്‍ അര്‍ദ്ധരാത്രിയിലാണ് അവര്‍ ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കെട്ടടങ്ങിയതിന് ശേഷമുണ്ടായ സമാധാനാന്തരീക്ഷം തകര്‍ന്നുവെന്നും മാധവന്‍ നായര്‍ ആരോപിച്ചു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ബിജെപിയുമായി മുമ്ബ് തന്നെ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.
സിഖ് മതിവിശ്വാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. ഈ ആചാരങ്ങളിലൊന്നും സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോയെന്ന് മാധവന്‍ നായര്‍ ചോദിച്ചു. ഹിന്ദുക്കളെ മാത്രം ടാര്‍ഗറ്റ് ചെയ്യുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മാധവന്‍ നായര്‍ ആരോപിച്ചു. താന്‍ നാളുകളായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് അമിത് ഷാ ഔദ്യോഗികമായി ക്ഷണിച്ചതെന്നും മാധവന്‍ നായര്‍ പറഞ്ഞു.
ടി പി സെന്‍കുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഒരു പടി കൂടി കടന്നു കോടതിക്കെതിരെയും വിമര്ശനമുയര്‍ത്തിയിരിക്കുകയാണ് മാധവന്‍ നായര്‍.
ബി.ജെ.പിയില്‍ ചേര്‍ന്നുവെങ്കിലും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മാധവന്‍ നായര്‍ പറഞ്ഞു. ബി.ജെ.പിക്ക് ബൗദ്ധികമായ പിന്തുണ നല്‍കും. കേരളത്തിനായി ഒരു വികസന അജണ്ട തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അത് പാതി പൂര്‍ത്തിയായിക്കഴിഞ്ഞു. വികസന അജണ്ട ഉടന്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha
























