അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട കാറുവന്നൂർ പൊറത്തോട് പുരയാറ്റുപറമ്പിൽ മനോജിന്റെ മകൻ ഗോകുൽ കൃഷ്ണ (27), തൃശ്ശൂർ ആറാട്ടുപുഴ കൊക്കിരിപ്പളം വട്ടപ്പറമ്പിൽ ശിവരാമന്റെ മകൻ അശ്വിൻ (24) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ അശ്വിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിലും ഗോകുൽ കൃഷ്ണയെ അങ്കമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ്. ഇന്നലെ ഗോകുൽ കൃഷ്ണയുടെ ജന്മദിനവുമായിരുന്നു.
https://www.facebook.com/Malayalivartha
























