ഇതൊരു തുടക്കം മാത്രം... വരും ദിവസങ്ങളിൽ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയയ്‌ക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്‌മ; എന്ത് വിലകൊടുത്തും നട അടയ്ക്കുന്ന ദിവസം വരെ പ്രതിരോധം ഒരുക്കുമെന്ന് സംഘപരിവാർ

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ശബരിമല സന്ദര്‍ശിക്കാന്‍ യുവതികള്‍ ഒരുങ്ങുന്നു. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ശബരിമല കയറാന്‍ സന്നദ്ധരായ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു വലിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഫേസ്ബുക്ക് പേജുവഴിയും അല്ലാതെയും താല്‍പര്യമറിയിച്ചിട്ടുള്ള യുവതികള്‍ സംഘടിച്ച് മലചവിട്ടുമെന്ന് സംഘാടകര്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയയ്‌ക്കുമെന്നും നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്‌മ അറിയിച്ചിരിക്കുകയാണ്. ബുധനാഴ്ച ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്‌മയിൽ അംഗങ്ങളായിരുന്നു. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസമായി മകരവിളക്കിന് മുമ്പ് സന്നിധാനത്ത് എത്തിക്കാനാണ് പദ്ധതി.
സി.പി.ഐ.എം.എൽ ഉൾപ്പെടെയുള്ള തീവ്രഇടതുപക്ഷ പ്രവർത്തകരാണ് കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയയ്‌ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തൃശൂരിൽ ഇവരുടെ രഹസ്യയോഗം ചേർന്നിരുന്നു. അടുത്തഘട്ടം മലയ്ക്ക് പോകുന്ന യുവതികളെ സഹായിക്കാൻ അഞ്ച് യുവാക്കൾ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
ഭരണഘടനയുടെ അന്തഃസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ പിറകോട്ടു വലിക്കാനുള്ള ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുമുറച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നു വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍, കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ഓരോ വ്യക്തിയും വളണ്ടിയറായി ചേരുമെന്ന പ്രതീക്ഷയും പങ്കു വയ്ക്കുന്നുണ്ട്. ശബരിമലയാത്രയ്ക്ക് തയ്യാറായിട്ടുള്ള യുവതികളും ഒപ്പം സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും, തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയുമാണ് രീതിയെന്നും പേജില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ കനകദുർഗയെയും ബിന്ദുവിനെയും സന്നിധാനത്ത് എത്തിക്കാനായെങ്കിലും പതിനെട്ടാംപടി ചവിട്ടിക്കാനും സന്നിധാനത്ത് കൂടുതൽ സമയം ചെലവിടാനും അവർ അനുവദിച്ചില്ലെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്‌മയുടെ സംഘാടകൻ ശ്രേയസ് കണാരൻ പറഞ്ഞു.
അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങൾ. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന യുവതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഒറ്റപ്പെട്ട സംഭവമായതിനാലാണ് ഇവർക്ക് നേരെ ഇത്രയും പ്രതിഷേധമുണ്ടാവുന്നതെന്നും കൂടുതൽ യുവതികൾ ദർശനം നടത്തിയാൽ പ്രതിഷേധം കുറയുമെന്നുമാണ് ഇവർ കണക്കുകൂട്ടുന്നത്. എന്നാൽ ‘നവോത്ഥാന കേരളത്തിന്റെ നീക്കം പുറത്തായതോടെ ഇനി ആചാരലംഘനം അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും നട അടയ്ക്കുന്ന ദിവസം വരെ പ്രതിരോധം ഒരുക്കുമെന്നുമാണ് സംഘപരിവാർ തീരുമാനം.
https://www.facebook.com/Malayalivartha
























