കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ ആത്മനിയന്ത്രണം മൂലം രക്ഷപ്പെട്ടത് 40 ജീവനുകള്‍... ഹര്‍ത്താലിലുണ്ടായ കല്ലേറില്‍ ചോരയില്‍ കുളിച്ചിട്ടും പതറാതെ പാതിമയക്കത്തിലായ ബസ്സിലെ യാത്രക്കാരെ സുരക്ഷിതരാക്കി

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ ആത്മനിയന്ത്രണം മൂലം രക്ഷപ്പെട്ടത് നാല്‍പതോളം യാത്രക്കാര്‍. മുഖത്തെങ്ങും തറച്ച ചില്ലുകള്‍. ജോലിക്കുപ്പായം ചോരയില്‍ മുങ്ങി. ശക്തമായ വേദനയിലും നിയന്ത്രണം വിടാതെ അബ്ദുള്‍ റഷീദ് റോഡിന്റെ അരികിലായി ബസ് സുരക്ഷിതമായി നിര്‍ത്തി. കണ്ടക്ടറടക്കം നാല്‍പത് യാത്രക്കാരുടെ ജീവനാണ് കെ.എസ്.ആര്‍.ടി.സി. ബസ് െ്രെഡവറുടെ ആത്മനിയന്ത്രണം മൂലം രക്ഷപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കല്‍പ്പറ്റയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്‌സ്പ്രസ് ബസിന് നേരെയാണ് ബുധനാഴ്ച രാത്രി കല്ലേറുണ്ടായത്.
രാത്രി 10.40ഓടെ ദേശീയപാതയില്‍ അമ്പലപ്പുഴയ്ക്കടുത്ത് നവരാക്കലില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഡ്രൈവര്‍ കോഴിക്കോട് കുന്ദമംഗലം പടനിലം ചേനച്ചാംപറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ റഷീദി (42) ന്റെ മൂക്കിലും ഇടതുകണ്ണിന് തൊട്ടുതാഴെയും ചില്ലുകള്‍ തറച്ചുകയറി. റോഡരികില്‍ നിന്നിരുന്ന അഞ്ചുപേര്‍ ബസ് അടുത്തെത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്ന് അബ്ദുള്‍ റഷീദ് പറയുന്നു. പെട്ടെന്ന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു. വലിയ ശബ്ദം. െ്രെഡവര്‍ കാബിനില്‍ ചില്ല് നിറഞ്ഞു. പിന്നിലിരിക്കുന്ന യാത്രക്കാരുടെ ജീവനെക്കുറിച്ചാണ് ഓര്‍ത്തത്.
റോഡരികിലേക്ക് ബസ് ഒതുക്കി നിര്‍ത്തി. അതിനുശേഷം അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു. പോലീസ് എത്തിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും വസ്ത്രം പൂര്‍ണമായി ചോരയില്‍ മുങ്ങി അബ്ദുള്‍ റഷീദ് പറഞ്ഞു. അബ്ദുള്‍ റഷീദിന്റെ മൂക്കിനും കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. കണ്ണിന് താഴത്തെ മുറിവില്‍ ആറും മൂക്കിലെ മുറിവില്‍ മൂന്നും തുന്നിക്കെട്ടലുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയില്‍നിന്ന് വിട്ടയച്ച ഇദ്ദേഹം രാത്രി നാട്ടിലേയ്ക്ക് മടങ്ങി. കല്‍പ്പറ്റ ഡിപ്പോയിലേതാണ് ബസ്. യാത്രക്കാരധികവും കല്‍പ്പറ്റയ്ക്കും കോഴിക്കോടിനും ടിക്കറ്റ് എടുത്തവരായിരുന്നു. വ്യാഴാഴ്ചത്തെ ഹര്‍ത്താലറിഞ്ഞ് നേരത്തേ വീട്ടിലേയ്ക്ക് പുറപ്പെട്ടവരാണധികവും. പാതിമയക്കത്തിലായ യാത്രക്കാര്‍ ശബ്ദംകേട്ട് ഞെട്ടിയുണരുകയായിരുന്നു.
കണ്ടക്ടര്‍ കായംകുളം സ്വദേശി വിനോദ് യാത്രക്കാരെ എറണാകുളത്തേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. യുടെ ചില്‍ ബസില്‍ കയറ്റിവിട്ടു. ബസിന് കല്ലെറിഞ്ഞതിന് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ബസിന്റെ മുമ്പിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു.
L
https://www.facebook.com/Malayalivartha
























