കിടപ്പുരോഗി പുകവലിക്കുന്നതിനിടെ കിടക്ക കത്തി മരിച്ചു

ശരീരംതളര്‍ന്ന വയോധികന്‍ പുകവലിക്കുന്നതിനിടെ കിടക്കയില്‍നിന്ന് തീപടര്‍ന്നു വീടു ഭാഗികമായി കത്തുകയും വൃദ്ധന്‍ മരണമടയുകയും ചെയ്തു.
ചെറുതോണിയില്‍, മുരിക്കാശേരി പൂമാംകണ്ടം പാറസിറ്റിയില്‍ കക്കൂട്ടുമലയില്‍ ഗോപിനാഥന്‍ നായര്‍(70)ആണു വെന്തുമരിച്ചത്. ശരീരംതളര്‍ന്നു 25 വര്‍ഷമായി കിടപ്പുരോഗിയായി കഴിയുന്ന ഇദ്ദേഹം പതിവായി പുകവലിക്കുന്ന സ്വഭാവക്കാരനാണ്. ഇതിനിടെയില്‍ കിടക്കയില്‍ തീപിടിച്ചാണു ദുരന്തമെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനായിരുന്നു സംഭവം.
വീട്ടില്‍നിന്ന് പുക ഉയരുന്നത് രണ്ട് അയല്‍വാസികള്‍ കണ്ടിരുന്നു. ഇവര്‍ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അപ്പോഴേയ്ക്കും ശരീരം അഗ്‌നിക്കിരയായിരുന്നു. കിടപ്പുമുറിയിലും സമീപമുറിയിലും തീപടര്‍ന്നെങ്കിലും വീടിന് കാര്യമായ നാശനഷ്ടങ്ങളില്ല. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
സംഭവസമയം ഭാര്യ ലക്ഷ്മി സമീപത്തെ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയിരിക്കയായിരുന്നു. കുടയത്തൂര്‍ പൊട്ടനാംകുന്നേല്‍ കുടുംബാംഗമാണ്. മകന്‍ ബിജു തൊടുപുഴയില്‍ ജോലിസ്ഥലത്താണ് താമസിക്കുന്നത്. മകള്‍: ബിന്ദു. മരുമക്കള്‍: മിനി, രാജന്‍.
https://www.facebook.com/Malayalivartha

























