ഇരിട്ടിയില്‍ വ്യാപാരിയേയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം

കണ്ണൂര്‍ ഇരിട്ടിയില്‍, വൈദ്യുത ലൈനില്‍ നിന്നും വീടിന്റെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് വ്യാപാരിയേയും കുടുംബത്തെയും കൊല്ലാന്‍ ശ്രമം. ഇരിട്ടിയിലെ കൈരളി സ്‌റ്റോര്‍ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനില്‍ നിന്നും വീട്ടുവരാന്തയിലെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ഉണര്‍ന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രില്‍സ് തുറക്കാന്‍ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഇറയത്തെ റബ്ബര്‍ കാര്‍പ്പെറ്റില്‍ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസും വൈദ്യുത വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
വൈദ്യുതി വകുപ്പ് അധികൃതര്‍ ലൈന്‍ ഓഫാക്കി വീട്ടുമുറ്റത്തിന് സമീപത്തെ പോസ്റ്റിലെ ലൈനില്‍ ഘടിപ്പിച്ച വയറുകള്‍ വിച്ഛേദിക്കുകയായിരുന്നു. ഈ വയറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടിലെ കണക്ഷന്‍ വിച്ഛേദിക്കാതെ പുറമെ നിന്നെത്തിച്ച സര്‍വീസ് വയര്‍ ഉപയോഗിച്ചാണ് ലൈന്‍ കമ്പിയില്‍ നിന്നും കണക്ഷന്‍ എടുത്തത്.
ഇരിട്ടി ഡിവൈഎസ്പി സാജു കെ.ഏബ്രാഹം, സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സുനില്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























