യൂണിയന്‍ നേതാവ് ബാങ്ക് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവം; ആത്മഹത്യയിലേക്ക് നയിച്ച കാരണം തേടിപോലീസ്

കൊച്ചിയില്‍ ബാങ്ക് കെട്ടിടത്തില്‍നിന്ന് ചാടി യൂണിയന്‍ നേതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം, എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവും പുത്തന്‍കുരിശ് സ്വദേശിയുമായ ഞാറ്റില്‍ എന്‍.എസ്. ജയന്‍ (51) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെ എറണാകുളം മറൈന്‍ ഡ്രൈവ് ഷണ്‍മുഖം റോഡിലെ എസ്ബിഐ റീജണല്‍ ഓഫീസ് കെട്ടിടത്തില്‍നിന്നാണു ജയന്‍ ചാടിയത്.
റീജണല്‍ ബിസിനസ് ഓഫീസിലെ (ആര്‍ബിഒ3) സീനിയര്‍ അസോസിയേറ്റ്‌സ് ആയിരുന്നു. ഷൂസും മൊബൈല്‍ ഫോണും ഏറ്റവും മേല്‍ത്തട്ടിലുള്ള പത്താംനിലയുടെ ടെറസില്‍ വച്ചശേഷം ബാങ്കിന്റേയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതില്‍ ഭാഗത്തേക്കു ചാടുകയായിരുന്നു.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് ബാങ്കിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍, തല തകര്‍ന്ന് ദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. വിമുക്തഭടനാണു ജയന്‍. ആത്മഹത്യയാണെന്നു പോലീസ് സ്ഥിരീകരിച്ചു.
നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ സോണ്‍ മൂന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി, ഓഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ചാടുന്നതിനു തൊട്ടുമുമ്പ് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കിയ കാരണമറിയാന്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ സുരേഷ് അറിയിച്ചു. ഭാര്യ: ബിജി. മകന്‍: അനന്തു.
https://www.facebook.com/Malayalivartha





















