പ്രതിഷേധം ഭയന്ന് പൊതുപരിപാടിയില്‍ നിന്ന് ഒഴിഞ്ഞു ;ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതിന് പിന്നാലെ ഭക്തരുടെ പ്രതിഷേധം ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്നു

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതിന് പിന്നാലെ ഭക്തരുടെ പ്രതിഷേധം ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്കാരിക ചടങ്ങുകളില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ പത്മകുമാറും അംഗങ്ങളായ വിജയകുമാറും, കെപി ശങ്കര്‍ദാസും വിട്ടു നിന്നത്.
സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുക്കേനേടിയിരുന്നത് എന്‍ പത്മകുമാറും അംഗങ്ങളായ വിജയകുമാറും, കെപി ശങ്കര്‍ദാസും ആണ്. പരിപാടികളുടെ നോട്ടീസില്‍ അടക്കം ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ പേരുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്ര ഇവർറദ്ദാക്കുകയായിരുന്നു. ക്ഷേത്രത്തില്‍ വച്ച് പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു താന്‍ മടങ്ങുകയാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാര്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ എന്‍.പത്മകുമാര്‍ ആറമുളയിലുണ്ടെങ്കിലും ഏറ്റുമാനൂരിലേക്ക് വരുന്നില്ലെന്ന് അദ്ദേഹം ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ബോര്‍ഡ് അംഗമായ കെപി ശങ്കര്‍ദാസ് ഇന്നലെ രാത്രി തന്നെ കോട്ടയത്ത് എത്തിയെങ്കിലും രാവിലെ ഏഴരയോടെ ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ച അദ്ദേഹം ഇതുവരെ ഏറ്റുമാനൂരില്‍ എത്തിയിട്ടില്ല.
യുവതീപ്രവേശനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ രീതിയിലുള്ള പ്രതിഷേധമുണ്ടായ സ്ഥലങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എത്തുന്ന പക്ഷം കരിങ്കൊടി പ്രതിഷേധമടക്കം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
സ്ത്രീക്കും പുരുഷനും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. ആർത്തവമാണ് മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. ആർത്തവത്തിന്‍റെ പേരിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾകൊണ്ടേ മതിയാകൂ. ക്ഷേത്രാചാരങ്ങൾ രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് എതിരാകരുത്. സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ, റിട്ട് ഹർജികൾ തള്ളിക്കളയണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.
അതേസമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ വ്യക്തമായി. സര്‍ക്കാര്‍ നിലപാടിന്‍റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാര്‍ പറഞ്ഞു. കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അത്. വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയില്‍ പറഞ്ഞതെന്നും വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
റിവ്യൂ പെറ്റീഷന്‍ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതി കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നാണ് നേരത്തെ പറഞ്ഞതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തയ്യാറായില്ല.
https://www.facebook.com/Malayalivartha
























