സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്

കോടാലി മറ്റത്തൂരില്‍ പാമ്പുകടിയേറ്റ് ആല്‍ജോ എന്ന എട്ടുവയസുകാരന്‍ മരിച്ച വീട്ടില്‍നിന്നും ഇന്നും പാമ്പിനെ കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെത്തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിക്ക് കടിയേറ്റ അതേ കിടപ്പുമുറിയില്‍ നിന്നുതന്നെയാണ് ഇന്നും പാമ്പിനെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞദിവസം ആല്‍ജോയേയും സഹോദരന്‍ 10 വയസുകാരന്‍ അലോജിനും ഉറക്കത്തിനിടെയാണ് കടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന അലോജിനെ ഇന്നാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഇതിനിടെയാണ് വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാടിന് തീയിട്ട് പാമ്പുകളെ തുരത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് അല്‍ജോയെ കടിച്ച അതേ വലിപ്പത്തിലുള്ള പാമ്പിനെ ഇന്നും ലഭിച്ചത്. സില്‍ജോജോണ്‍സി ദമ്പതികളുടെ മക്കളായ അലോജും ആല്‍ജോയ്ക്കും ഉറക്കത്തിനിടെയാണ് കടിയേറ്റത്. തലയിണയില്‍ നിന്നാണ് പാമ്പ് കടിച്ചത്. അമ്മ ജോണ്‍സിക്കൊപ്പം ഉറങ്ങവെയായിരുന്നു സംഭവം. രണ്ട് മണിയോടെ വയറുവേദനയെന്ന് കാട്ടി കുട്ടികള്‍ അമ്മയെ വിളിച്ചുണര്‍ത്തി. വെള്ളിക്കുളങ്ങരയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കഴിഞ്ഞദിവസം കുടുംബം ഉറങ്ങാന്‍ കിടന്നത്. അതിനാല്‍ ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതി. അഞ്ചരയോടെ മൂത്ത കുട്ടി വീണ്ടും അമ്മയെ വിളിച്ചുണര്‍ത്തി അസ്വസ്ഥതയുടെ കാര്യം അറിയിച്ചു. ഈ സമയം ആല്‍ജോ അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധന നടത്തിയ ഡോക്ടറാണ് പാമ്പ് കടിയേറ്റതായി അറിയിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പിനെ തലയിണയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്കകവും ശംഖുവരയന്‍ പാമ്പിനെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പാമ്പിനെ കിട്ടിയത്.
https://www.facebook.com/Malayalivartha

























