നിങ്ങളുടെ മുഖവുമായി സാമ്യമുള്ള സിനിമാതാരം ആര്? അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? എന്നൊക്കെയുള്ള ലിങ്കുകള്‍ കണ്ട് ആവേശത്തില്‍ തുറക്കുന്നവര്‍ സൂക്ഷിക്കുക; ഈ ലിങ്ക് കണ്ട് എടുത്തുചാടി തുറക്കരുത്

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? ഈ ലിങ്ക് കണ്ട് എടുത്തുചാടി തുറക്കരുത്. അടുത്ത ജന്മമല്ല ഈ ജന്മത്തിലെ വിവരങ്ങള്‍ കൂടി ഹാക്കര്‍മാര്‍ അടിച്ചോണ്ടുപോകും. ഒരു വിരല്‍ തുമ്പിനപ്പുറം ഹാക്കര്‍മാര്‍ നിങ്ങള്‍ക്ക് തൊട്ടരികെയുണ്ട്. നിങ്ങളുടെ മുഖവുമായി സാമ്യമുള്ള സിനിമാതാരം ആര്? അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? എന്നൊക്കെയുള്ള ലിങ്കുകള്‍ കണ്ട് ആവേശത്തില്‍ തുറക്കുന്നവര്‍ സൂക്ഷിക്കുക.
വലിയ പ്രവചനങ്ങളുമായി മുന്നില്‍ വരുന്ന ലിങ്കുകള്‍ തുറക്കുന്നവര്‍ക്ക് ഉഗ്രന്‍ പണി ഉറപ്പ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്നു പൊലീസിന്റെ മുന്നറിയിപ്പ് വീണ്ടും. ഇത്തരത്തില്‍ കേരളത്തില്‍ 983 പേരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി പൊലീസ് കണ്ടെത്തി. 83 പേര്‍ സൈബര്‍ പൊലീസിനു പരാതി നല്‍കി. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്വാഭാവികമായി മൊബൈലിലോ കംപ്യൂട്ടറിലോ കയറിപ്പറ്റുന്ന ചില ആപ്ലിക്കേഷനുകളാണു വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നു സൈബര്‍ വിദഗ്ധര്‍ കണ്ടെത്തി. ഹോം പേജില്‍ ഈ ആപ്ലിക്കേഷന്‍ കാണാനാകില്ല. ചാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടത്രേ. നിങ്ങളുടെ ഫെയ്‌സ്ബുക് പ്രൊഫൈല്‍ സന്ദര്‍ശിച്ചവരെ അറിയാം എന്ന ലിങ്ക് വഴി ഒട്ടേറെ പേരുടെ അക്കൗണ്ട് ചോര്‍ത്തിയതായി സൈബര്‍ സെല്ലിനു വിവരം ലഭിച്ചു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ചില ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറിലും കടന്നുകൂടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. സെക്യൂരിറ്റി സെറ്റിങ്‌സില്‍ ആപ്‌സ് ആന്‍ഡ് വെബ്‌സൈറ്റ്‌സ് എന്ന മെനുവിലൂടെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണാം. അനാവശ്യമായവ നീക്കം ചെയ്യുക. ഡേറ്റാ ഷെയറിങ് ഓപ്ഷനിലൂടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആപ്‌സ്, വെബ്‌സൈറ്റ്‌സ് എന്നിവയുടെ സെറ്റിങ് ഓഫ് ചെയ്യുക.
ഫെയ്‌സ്ബുക് സെറ്റിങ്‌സില്‍ സെക്യൂരിറ്റി ആന്‍ഡ് ലോഗിന്‍ തിരഞ്ഞെടുത്ത് ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്തു സുരക്ഷ ഉറപ്പാക്കാം.മൊബൈല്‍ ഫോണില്‍ ആണെങ്കിലും ഫെയ്‌സ്ബുക് ഉപയോഗശേഷം ലോഗൗട്ട് ചെയ്യുക. വ്യത്യസ്തവും സങ്കീര്‍ണവുമായ പാസ്‌വേഡ് ഉപയോഗിക്കാം. അക്ഷരങ്ങള്‍ മാത്രമാക്കാതെ അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റാം. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വകാര്യത നഷ്ടമാകുന്ന കാര്യങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കുക. മൊബൈല്‍ ഫോണില്‍ വിവിധ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഫോണ്‍ ഗ്യാലറി, കോണ്‍ടാക്ട് ലിസ്റ്റ് എന്നിവ പരിശോധിക്കാനുള്ള അനുമതി നല്‍കരുത്. സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരുടെ ഫോണിലെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പുമായി പോലീസ് നേരത്തെ എത്തിയിരുന്നു. നേരത്തെ പബ്ജി ഗെയിം ആരാധകരെ വലച്ച് ഹാക്കര്‍മാര്‍ പെരുകുന്നതും വലിയ ചര്‍ച്ചയായിരുന്നു. എന്തായാലും ഹാക്കര്‍മാര്‍ കൂട്ടത്തോടെ പലവഴിക്കും ഇറങ്ങിയതോടെ കനത്ത ജാഗ്രതയിലാണ് സൈബര്‍ ലോകം.
https://www.facebook.com/Malayalivartha
























